Home കർണാടക സ്‌കൂളിലെത്താൻ കാട്ടിലൂടെ നടക്കുന്നത് 14 കിലോ മീറ്റര്‍; സഹികെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ഥികള്‍

സ്‌കൂളിലെത്താൻ കാട്ടിലൂടെ നടക്കുന്നത് 14 കിലോ മീറ്റര്‍; സഹികെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ഥികള്‍

by admin

ബെംഗളൂരു: സ്‌കൂൾ വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തെഴുതി വിദ്യാർഥികൾ. കർണാടകയിലെ ഹനൂർ താലൂക്കിലെ പച്ചെദോഡി ഗ്രാമത്തിലെ സ്‌കൂൾ വിദ്യാർഥികളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആവശ്യമായ യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എല്ലാ ദിവസവും കുട്ടികള്‍ കിലോ മീറ്ററുകള്‍ താണ്ടി സ്‌കൂളിലെത്തണം.ഹനൂർ താലൂക്കിലെ സുലേരിപാളയ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പച്ചെദോഡി ഗ്രാമത്തിലാണ് ദുരവസ്ഥ. ഇവിടെ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തത്ത് മൂലം വിദ്യാർഥികൾ എല്ലാ ദിവസവും സ്‌കൂളിൽ പോയിവരാൻ 14 കിലോമീറ്റർ നടക്കേണ്ടി വരുന്നു. രണ്ടോ മൂന്നോ മണിക്കൂർ ചെലവഴിച്ചാണ് ഇവര്‍ സ്‌കൂളിലെത്തുന്നത്. ഇത് വിദ്യാർഥികളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. ഇതിനാലാണ് ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തയച്ചത്. ആവശ്യവുമായി ഹനൂർ എംഎൽഎ എം ആർ മഞ്ജുനാഥിനെയും സമീപിച്ചു.

മുഖ്യമന്ത്രിക്കും എംഎൽഎയ്ക്കും നൽകിയ നിവേദനത്തിൽ വിദ്യാർഥികളായ ശരണ്യ ചേതൻ, ഗോകുൽ മഡഗൗഡ, ഈശ്വരി, രശ്‌മി, ഉമേഷ് എന്നിങ്ങനെ നിരവധി പേരാണ് ഒപ്പിട്ടത്. “ഞങ്ങളുടെ ഗ്രാമത്തിന് ശരിയായ റോഡില്ല. വാഹന സംവിധാനവുമില്ല. വന്യമൃഗങ്ങളുടെ സാന്നിധ്യം കാരണം ഞങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നു. അതിനാൽ ഞങ്ങൾക്ക് സൗകര്യമൊരുക്കാൻ ഒരു വാഹനം ക്രമീകരിക്കണം”, എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.വർഷങ്ങളായി ശരിയായ റോഡും വാഹന ക്രമീകരണങ്ങളും ഇല്ലാത്തതിനാൽ പല പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇത് മൂലം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളോ പ്രശ്‌നങ്ങളോ സംഭവിക്കുകയാണെങ്കിൽ അതിന് പൂർണ ഉത്തരവാദി മുഖ്യമന്ത്രി സിദ്ധരാമയ്യയായിരിക്കും എന്നും വിദ്യാർഥികൾ പറഞ്ഞു.തുടർന്ന് പച്ചെദോഡി ഗ്രാമത്തിലെ വിദ്യാർഥികൾക്ക് സുരക്ഷിതമായി സ്‌കൂളിലേയ്‌ക്ക് പോകാൻ സൗകര്യമൊരുക്കാൻ എംഎൽഎയുടെ ഗ്രാൻ്റിൽ നിന്ന് വാഹനം അനുവദിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഹനൂർ എംഎൽഎ എം ആർ മഞ്ജുനാഥ് വിദ്യാർഥികൾക്ക് ഉറപ്പുനൽകി.പച്ചെഡോഡി ഗ്രാമത്തിൽനിന്ന് നിലവിൽ അൻപതിലധികം വിദ്യാർഥികളാണ് സ്‌കൂളിലേയ്‌ക്ക് പോകുന്നത്. ഇവരെല്ലാം അജ്ജിപൂർ, രാമപൂർ, ഹനൂർ, കൊല്ലെഗൽ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോളജുകളിലുമാണ് പഠിക്കുന്നത്. നടന്ന് പോകാൻ പോലും ശരിയായ റോഡ് ഇല്ലെന്നും ഇവര്‍ പറയുന്നു. വന്യമൃഗങ്ങളെ ഭയന്നാണ് ഓരോ ദിവസവും സ്‌കൂളില്‍ പോയിവരുന്നതെന്നും വിദ്യാർഥികൾ പറയുന്നു.മുൻപ് ഈ വിഷയം സംബന്ധിച്ച് ചാമരാജനഗർ ജില്ലാ ചുമതലയുള്ള മന്ത്രിയായിരുന്ന സുരേഷ് കുമാറും അന്നത്തെ എംഎൽഎയും ആയിരുന്ന ആർ നരേന്ദ്രനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിൻ്റെ ഫലമായി വനം വകുപ്പ് ഒരു പൊതു വാഹനം ഏർപ്പാടാക്കി താൽക്കാലികമായി പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാൽ വാഹനത്തിൻ്റെ അറ്റകുറ്റപ്പണികളും റോഡിൻ്റെ ദുരവസ്ഥയും കാരണം ഈ വാഹനത്തെ പിന്നീട് ആശ്രയിക്കാൻ സാധിക്കാതെ വന്നു. പിന്നീട് വിദ്യാർഥികൾ വീണ്ടും കാൽനടയായി സ്‌കൂളിൽ പോകാൻ തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group