കര്‍ണാടക: അംഗന്‍വാടിയില്‍ നടന്ന പ്രതിരോധ ആരോഗ്യ പരിപാടിയുടെ ഭാഗമായി വിറ്റാമിന്‍ എ തുള്ളിമരുന്ന് നല്കിയ കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവമോഗയിലെ റിപ്പണ്‍പേട്ടിനടുത്തുള്ള ഹിരേസാനി ഗ്രാമത്തിലാണ് സംഭവം.തുള്ളിമരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികള്‍കള്‍ക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടാന്‍ തുടങ്ങി. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും കേസുകളുടെ എണ്ണവും പ്രത്യേക പരിചരണവും കണക്കിലെടുത്ത് കൂടുതല്‍ ചികിത്സയ്ക്കായി ശിവമോഗയിലെ തന്നെ മക്ഗണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിറ്റാമിന്‍ എ തുള്ളിമരുന്ന് കഴിച്ചയുടന്‍ കുട്ടികളുടെ ആരോഗ്യനില വഷളായതായി മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ശിവമോഗ എം.എല്‍.എ ബേലുരു ഗോപാലകൃഷ്ണ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ എല്ലാ പരിചരണവും നല്കാന് എം.എല്‍.എ മെഡിക്കല്‍ സ്റ്റാഫിന് നിര്‍ദേശം നല്‍കുകയും ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ജില്ലാ ആരോഗ്യ ഓഫീസറും മറ്റ് മുതിര്‍ന്ന ഉദ്യേഗസ്ഥരും ആശുപത്രിയില്‍ എത്തിയിരുന്നു. നിലവില്‍ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എം.എല്‍.എ പറഞ്ഞു.അസുഖത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ഭക്ഷണം, വെള്ളം, വിറ്റാമിന്‍ എ തുള്ളിമരുന്ന് എന്നിവ കാരണമായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. മൂന്നിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. അംഗന്‍വാടി കേന്ദ്രങ്ങളിലെ പതിവ് ആരോഗ്യ ഡ്രൈവുകളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ച് ഈ സംഭവം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.കുട്ടികളിലെ നിശാന്ധത തടയുന്നതിനായി ബെല്ലുരു ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഒരു പതിവ് ആരോഗ്യ പരിപാടിയുടെ ഭാഗമായിരുന്നു വിറ്റാമിന്‍ എ തുള്ളിമരുന്ന്.