ഭോപ്പാല്‍: മധ്യപ്രദേശില്‍ സിവില്‍ സർവീസ് കോച്ചിങ് ക്ലാസിനിടെ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇൻഡോറിലാണു സംഭവം.സാഗർ സ്വദേശിയായ രാജേഷ് ലോധി(20) ആണു മരിച്ചത്.
മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ(എം.പി.പി.എസ്.സി) പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു രാജേഷ്. നഗരത്തിലെ ഒരു കോച്ചിങ് കേന്ദ്രത്തിലായിരുന്നു പഠനം. ഇവിടെ ഒരു ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. ക്ലാസിനിടയില്നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥി അസ്വസ്ഥനായി ഡെസ്കില്‍ തലവയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
സഹപാഠികള്‍ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഭവർകുവാൻ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ യാദവ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ മരണത്തിനു കാരണം വ്യക്തമാകൂ. ക്ലാസിനിടെ വിദ്യാർത്ഥിക്കു ഹൃദയാഘാതം സംഭവിച്ചതായാണു പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.