കൂട്ടുകാർക്കൊപ്പം ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയ സ്കൂള്‍ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു.ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുല്‍ കൃഷ്ണ (14) യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അതുല്‍ കൈകാലുകള്‍ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോക്കൂർ ടെക്നിക്കല്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വിഷം തളിച്ച പച്ചക്കറി കഴിച്ചു; പിതാവിനും മക്കള്‍ക്കും ദാരുണാന്ത്യം, അമ്മ ചികിത്സയില്‍
കർണാടകയില്‍ സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം.വടക്കൻ കർണാടകയിലെ റായിച്ചൂരിലാണ് സംഭവം. അമ്മയെയും രണ്ട് മക്കളെയും ഗുരുതാരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിരവാർ തിമപ്പൂർ സ്വദേശി രമേശ് നായക് (38) മക്കള്‍ നാഗമ്മ (8) ദീപ (6) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട രമേഷിന്റെ ഭാര്യ പത്മ (35), അവരുടെ മറ്റ് മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവർ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് റൊട്ടിയോടൊപ്പം, കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത അമരയ്ക്ക കറി കുടുംബം കഴിച്ചത്. രണ്ട് ദിവസം മുമ്ബ് വിളകളില്‍ കീടനാശിനി തളിച്ചതിനാല്‍ അവയുടെ അവശിഷ്ടങ്ങള്‍ പച്ചകറിയില്‍ കലർന്നിരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.അത്താഴത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങിയതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രമേശ് തന്റെ രണ്ടേക്കർ സ്ഥലത്ത് വീട്ടാവശ്യത്തിനായുള്ള പച്ചകറികള്‍ കൃഷി ചെയ്തു വരികയായിരുന്നു.