ബെംഗളൂരുവില്‍ നിന്നും ഐശ്വര്യ എന്ന യുവതി പങ്കുവച്ച ഹൃദയസ്പർശിയായ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.രാത്രി വളരെ വൈകിയാണ് ബെംഗളൂരു എയർപോർട്ടില്‍ നിന്നും കടുഗോഡിയില്‍ ഐശ്വര്യ എത്തിയത്. എന്നാല്‍, രാത്രി വളരെ വൈകിയതിനാല്‍ അവിടെനിന്ന് താമസസ്ഥലത്തേക്ക് പോകാൻ അവള്‍ക്ക് ടാക്സികളൊന്നും കിട്ടിയില്ല. കേവലം 3 കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഓണ്‍ലൈൻ ടാക്സികളും ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് രണ്ട് അപരിചിതർ യുവതിയുടെ സഹായത്തിനെത്തിയത്.അതിലൊരാള്‍ ഒരു ബസ് കണ്ടക്ടറായിരുന്നു. തനിക്ക് ടാക്സി ലഭിക്കുന്നതുവരെ ബസ് കണ്ടക്ടർ തന്റെ കൂടെ നില്‍ക്കുകയും താൻ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തുവെന്ന് ഐശ്വര്യ പറയുന്നു. ആ സമയത്താണ് ഒരു റാപിഡോ ഡ്രൈവർ അവിടേക്ക് വന്നത്.
എത്ര രൂപയാകുമെന്ന് ചോദിച്ചപ്പോള്‍, ‘അതൊന്നും സാരമില്ല, നിങ്ങള്‍ മാപ്പില്‍ ലൊക്കേഷൻ കാണിക്കൂ’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി. എത്ര രൂപയായി എന്ന് എത്തിയ ശേഷം ഐശ്വര്യ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘സമയം ഒരുപാട് വൈകി, നിങ്ങളെ സുരക്ഷിതമായി എത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഇത്ര രൂപ വേണമെന്ന് ഞാൻ പറയില്ല, നിങ്ങള്‍ക്ക് തോന്നുന്നത് തന്നാല്‍ മതി’ എന്നായിരുന്നു.’പുലർച്ചെ 3 മണിക്ക് ഒരു പുതിയ നഗരത്തില്‍ രണ്ട് അപരിചിതർ ഞാൻ സുരക്ഷിതയാണെന്ന് ഉറപ്പാക്കി. ഒരു സ്ത്രീ എന്ന നിലയില്‍, ആശ്വാസത്തിന്റെ ആ നിമിഷം എത്ര വലുതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. നിർഭാഗ്യവശാല്‍ ഒരു പുരുഷൻ എന്ന നിലയില്‍, ഇത്തരം പ്രവർത്തികള്‍ ഇന്നും ഒരത്ഭുതമായി തുടരുന്നതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നിയേക്കാം’ എന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കണ്ടക്ടറെയും ഡ്രൈവറെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.