ബെംഗളുരു: കര്‍ണാടക ഹാവേരിയില്‍ മുസ്‌ലിം പള്ളിക്കും വീടുകള്‍ക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.
ആക്രമണം ചൊവ്വാഴ്ച പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു മുസ്‌ലിം പ്രദേശത്തു കൂടി കടന്നുപോയപ്പോള്‍ അവരില്‍ ചിലര്‍ അവിടുത്തെ വീടുകള്‍ക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു.
ലോറിയും കാറും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്ത ഹിന്ദുത്വവാദികള്‍ ഒരു ഉര്‍ദു സ്കൂളിന് നേരെയും കല്ലേറ് നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ പേടിച്ച് നിലവിളിച്ച് പുറത്തേക്കിറങ്ങി ഓടിയ കുട്ടികള്‍ സഹായം തേടി തെരുവിലേക്കെത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരു ഓട്ടോ ഡ്രൈവറെയും സംഘം ആക്രമിച്ച് വാഹനം അടിച്ചു തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ, മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും നിരവധി പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ബൈക്ക് റാലി സമാധാനപരമായിരുന്നുവെങ്കിലും ഒരു പള്ളിക്ക് സമീപം എത്തിയപ്പോള്‍ കുറച്ച് അക്രമികള്‍ ആരാധനലായത്തിനു നേരെ കല്ലെറിയുകയായിരുന്നെന്ന് ഹവേരി പൊലീസ് സൂപ്രണ്ട് ശിവകുമാര്‍ പറഞ്ഞു.
ഘോഷയാത്രയ്ക്കിടെ പൊലീസിനെ വിന്യസിച്ചിരുന്നു. അതിനാല്‍ ഉടന്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാല്‍ കുറ്റവാളികളെ തിരിച്ചറിയാന്‍ എളുപ്പമായെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, റാലിക്കിടെ കല്ലെറിഞ്ഞത് ആരാണെങ്കിലും അത് തെറ്റാണെന്നും പൊലീസില്‍ പരാതി നല്‍കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും കൃഷിമന്ത്രി ബി.സി. പാട്ടീല്‍ പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച നടന്ന കല്ലേറിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അക്രമത്തിന് ഇടം നല്‍കാതെ തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. പൊലീസ് സമാധാനം ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങി: വന്‍ തുക പിരിക്കുന്നുവെന്ന് പരാതി, പ്രതിഷേധം
ബെംഗളൂരു: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് തുടങ്ങി.
135 രൂപ മുതല്‍ 880 രൂപ വരെയാണ് ഈടാക്കുന്നത്. വന്‍ തുക ടോള്‍ ആയി പിരിക്കാന്‍ തുടങ്ങിയതോടെ കനിമിനികേയിലെ ടോള്‍ പ്ലാസയ്ക്ക് സമീപം പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.
ഞായറാഴ്ചയാണ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ നിദാഘട്ട വരെയും നിദാഘട്ട മുതല്‍ മൈസൂരു വരെയുമായി രണ്ട് ഭാഗങ്ങളിലായാണ് അതിവേഗ പാത. ബെംഗളൂരി-നിദാഘട്ട റീച്ചില്‍ രാവിലെ എട്ട് മണിക്കാരംഭിച്ച ടോള്‍ പിരിവില്‍ വാഹനങ്ങളെ ആറായി തിരിച്ചാണ് ടോള്‍ ഈടാക്കുന്നത്.കാര്‍,ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ 135 രൂപയും ഏഴിലധികം ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് 880 രൂപയുമാണ് ടോള്‍നിരക്ക്. ഇതിനിടയിലാണ് മറ്റ് വാഹനങ്ങളുടെ നിരക്ക് വരിക.
ബിജെപി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നാണ് പത്ത് വരിപ്പാതയായ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ. ഏകദേശം 9000 കോടി രൂപയോളമാണ് പാതയ്ക്കായി ചെലവാക്കിയത്. നിലവില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ വേണ്ടി വരുന്ന ബെംഗളൂരു-മൈസൂര്‍ യാത്രാസമയം എക്‌സ്പ്രസ് വേയുടെ നിര്‍മാണത്തോടെ മൂന്നിലൊന്നായി കുറയുമെന്നാണ് കണക്കാക്കുന്നത്.
118 കിലോമീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയാകുന്നത് വരെ ടോള്‍ പിരിക്കില്ലെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. പൂര്‍ത്തിയാകാത്ത പാത ഉദ്ഘാടനം ചെയ്തതിന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ അടക്കം നിരവധി പേര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ടോള്‍ പിരിവ് കനത്തതോടെ ടോള്‍ പ്ലാസയിലെ ഒരു ടൂള്‍ ഗേറ്റ് സെന്‍സര്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. നിലവില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് പ്ലാസ.