മുംബൈ: എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍പറത്തി കൊണ്ട് ഇന്ത്യ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റം കണ്ട തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണി തകർന്നടിഞ്ഞു.
ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎയുടെ ഏകപക്ഷീയമായ മുന്നേറ്റം സ്വപ്‌നം കണ്ട വിപണിക്ക് പ്രതിപക്ഷ സഖ്യമായി ഇന്ത്യയുടെ തിരിച്ചുവരവില്‍ പിടിച്ചു നില്‍ക്കാൻ കഴിഞ്ഞില്ല.
ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് എൻഡിഎ കേവല ഭൂരിപക്ഷം കടന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറുകള്‍ തന്നെ വിപണിക്ക് ആഘാതം സൃഷ്‌ടിച്ചിരുന്നു. ഇതില്‍ നിന്നൊരു തിരിച്ചുപോക്ക് പിന്നീട് സാധ്യമായതുമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സെൻസെക്‌സ്, നിഫ്റ്റി എന്നിവ നിന്ന നില്‍പ്പില്‍ താഴേക്ക് പതിക്കുകയായിരുന്നു.
വിപണിയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി കൊണ്ടാണ് സെൻസെക്‌സും നിഫ്റ്റിയും തകർന്നടിഞ്ഞത്. കോവിഡ് പകർച്ചവ്യാധിക്ക് ശേഷം ദലാല്‍ സ്ട്രീറ്റ് നേരിട്ട ഏറ്റവും മോശം സെഷന് ഒടുവില്‍ സെൻസെക്‌സ് 6,000 പോയിൻറിലധികം താഴുകയും നിഫ്റ്റി 2,000 പോയിന്റോളം ഇടിയുകയും ചെയ്‌തതാണ് ഇന്നത്തെ പ്രധാന വാർത്ത.
30-ഷെയർ സെൻസെക്‌സ് 6,000 പോയിന്റ് അല്ലെങ്കില്‍ 8 ശതമാനത്തിലധികം ഇടിഞ്ഞതിനാല്‍, ബിഎസ്‌ഇയിലെ എല്ലാ ലിസ്‌റ്റഡ് കമ്ബനികളുടെയും മൊത്തം വിപണി മൂലധനം ഏകദേശം 45 ലക്ഷം കോടി രൂപയോളം ഇടിഞ്ഞ് 380.35 ലക്ഷം കോടി രൂപയായി മാറി. ചുരുങ്ങിയ സമയം കൊണ്ടാണ് നിക്ഷേപകർക്ക് അപ്രതീക്ഷിതമായി 40 ലക്ഷം കോടിയിലധികം രൂപ നഷ്‌ടമായത്.
ഇന്നത്തെ നിർണായകമായ ട്രേഡിംഗ് സെഷനില്‍ ബെഞ്ച്മാർക്ക് സ്‌റ്റോക്ക് മാർക്കറ്റ് സൂചികകള്‍ കുത്തനെ ഇടിഞ്ഞതോടെ അദാനി എൻ്റർപ്രൈസസും അദാനി പോർട്ട്‌സും കനത്ത നഷ്‌ടമാണ് നേരിടുന്നത്. 25 ശതമാനം വരെ ഇടിവാണ് അദാനി ഓഹരികള്‍ക്ക് നേരിടേണ്ടി വന്നത്. അദാനി ഗ്രൂപ്പ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നഷ്‌ടം നേരിട്ടവ. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാക്കിയെടുത്ത നേട്ടം ഈ ഒറ്റ സെഷനില്‍ അവർക്ക് നഷ്‌ടമായി.
ഇന്നലത്തെ ട്രേഡിംഗ് സെഷനില്‍, സെൻസെക്‌സും നിഫ്റ്റിയും ഉള്‍പ്പെടെയുള്ള എല്ലാ സൂചികകളും എക്‌സിറ്റ് പോളിന്റെ ചുവട് പിടിച്ച് മികച്ച ഇൻട്രാഡേ നേട്ടം രേഖപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയുടെ ബിജെപി 350 സീറ്റുകളില്‍ കൂടുതല്‍ വിജയിക്കുകയും നാഷണല്‍ ഡെമോക്രാറ്റിക് അലയൻസ് അഥവാ എൻഡിഎ സഖ്യം 360 മുതല്‍ 400 വരെ സീറ്റുകള്‍ നേടുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഈ മുന്നേറ്റം.