ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് ഡെങ്കിപ്പനി നിയന്ത്രണ നടപടികള്‍ ശക്തമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ. രോഗവ്യാപനം കുറക്കുന്നതിനായി ബി.ബി.എം.പി എല്ലാ വാർഡുകളിലും കൊതുക് നിവാരണ ബോധവത്കരണവും കൊതുകുകളെ നശിപ്പിക്കാൻ മരുന്ന് തളിക്കലും ആരംഭിച്ചിട്ടുണ്ട്. മഴ തുടങ്ങുന്നതോടെ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകുന്നതിനാല്‍ ഫോഗിങ്, സ്‌പ്രേയിങ് തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങള്‍ അനിവാര്യമാണ്.
പൂച്ചട്ടികള്‍, വലിച്ചെറിയുന്ന ടയറുകള്‍, വാട്ടർ ടാങ്കുകള്‍, കുപ്പികള്‍ എന്നിവയുള്‍പ്പെടെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മലിനജലം കെട്ടിക്കിടക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബി.ബി.എം.പി കമീഷണർ വികാസ് കിഷോർ ഓർമിപ്പിച്ചു. മഴക്കാലത്ത് ഡെങ്കിപ്പനി കുറക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് ബി.ബി.എം.പിയുടെ മുൻഗണനയെന്ന് കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ 13 ദിവസത്തിനിടെ 172 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ ബൊമ്മനഹള്ളിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത്.