ചെന്നൈ: ( 17.05.2021) കോവിഡ് വരാതിരിക്കാന്‍ ജനങ്ങള്‍ ആവി പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. ആവി പിടിക്കല്‍ കോവിഡ് ചികിത്സാ പ്രോടോകോളിന്റെ ഭാഗമല്ലെന്ന് പറഞ്ഞ മന്ത്രി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരത്തില്‍ ആവി പിടിക്കുന്നത് ശ്വാസകോശം കേടുവരുത്തുമെന്നും അറിയിച്ചു.
കോവിഡിനെതിരായ പ്രതിരോധ നടപടികളെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒന്നാണ് ആവി പിടിക്കല്‍. തമിഴ്നാട്ടില്‍ പലയിടത്തും പൊതു ഇടങ്ങളില്‍ ആവിപിടിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഡോക്ടറുടെ ഉപദേശമില്ലാതെ ആവി പിടിക്കല്‍ പോലെയുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ നിര്‍ദേശമില്ലാതെ ഇങ്ങനെ ചെയ്യുന്നത് ശ്വാസകോശം കേടുവരുത്താന്‍ ഇടയാക്കും. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയാണ് വേണ്ടത്. സ്വയം ചികിത്സയിലേക്കു നീങ്ങുന്നത് അപകടം വരുത്തിവയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പൊതു ഇടങ്ങളില്‍ ആവി പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആവി പിടിക്കല്‍ ശ്വാസകോശത്തെ ബാധിക്കാനിടയുണ്ട്. മാത്രമല്ല, ആവി പിടിച്ച് പുറത്തേക്കു വിടുന്ന ശ്വാസം കോവിഡ് പരത്താനും സാധ്യതയുണ്ട്.’ – മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോടോകോള്‍ തയാറാക്കിയത്. ആവി പിടിക്കല്‍ അതിന്റെ ഭാഗമല്ല എന്നും മന്ത്രി വ്യക്തമാക്കി.
കോയമ്ബത്തൂര്‍ സൗത്തിലെ ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ മണ്ഡലത്തില്‍ മൊബൈല്‍ ആവി പിടിക്കല്‍ സംവിധാനം ഉദ്ഘാടനം ചെയ്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വെ പൊലീസും ആവിപിടിക്കല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.