ബംഗളൂരു: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ കേസുകളും മരണവും കുതിക്കുന്ന ബംഗളൂരു നഗരത്തില്‍ കോവിഡ് പരിചരണത്തിന് ൈകത്താങ്ങുമായി മലയാളികളും. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കോവിഡ് പരിചരണ കേന്ദ്രം ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജയനഗര്‍ ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നല്കിയ കെട്ടിടമാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകര്‍ അടിയന്തരമായി സജ്ജീകരിച്ചത്.
ഹൊസൂര്‍ റോഡ് സഫ മെഡികെയര്‍ ഹോസ്പിറ്റലിെന്റ സ്റ്റെപ് ഡൗണ്‍ സെന്ററായാണ് കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. തദ്ദേശീയരും മലയാളികളടക്കമുള്ള പ്രവാസികളും കോവിഡ് വ്യാപന സാഹചര്യത്തില്‍ ബംഗളൂരു നഗരത്തില്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ആശുപത്രികളില്‍ കിടക്ക ലഭിക്കാത്തതും കൃത്യസമയത്ത് ഓക്സിജന്‍ ലഭിക്കാത്തതും കോവിഡ് രോഗികളെ മരണ മുനമ്ബിലെത്തിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനാകാതെ ബംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
നഗരത്തിലും പുറത്തുമായി നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകര്‍ സാഹചര്യത്തിെന്റ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 38 ഓക്സിജന്‍ ബെഡുകളുള്ള കോവിഡ് പരിചരണ കേന്ദ്രം സജ്ജീകരിക്കുകയായിരുന്നു. സര്‍ക്കാറിെന്റ സ്റ്റെപ് ഡൗണ്‍ നയപ്രകാരം, കര്‍ണാടക ധനകാര്യ സെക്രട്ടറി ഡോ. പി.സി. ജാഫറിെന്റ നിര്‍ദേശാനുസരണം എ.ഐ.കെ.എം.സി.സി സെക്രട്ടറി ഡോ. എം.എ. അമീറലിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. രണ്ടു ഡോക്ടര്‍മാരും എട്ടു നഴ്സുമാരുമടങ്ങുന്നതാണ് മെഡിക്കല്‍ ടീം.എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയറിെന്റ നേതൃത്വത്തില്‍ കോവിഡ് കാലത്തും തുടര്‍ന്നും പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികൂല സാഹചര്യത്തിലും രോഗികളെ പരിചരിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കാനും എസ്.ടി.സി.എച്ച് വളന്റിയര്‍മാര്‍ കാണിച്ച ത്യാഗസന്നദ്ധത പ്രശംസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് വഴിയരികിലും നഗരത്തിെന്റ പ്രാന്തപ്രദേശങ്ങളിലും ഒറ്റപ്പെട്ടുപോയ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. നഗരത്തില്‍ കുടുങ്ങിപ്പോയവരെ സ്വദേശങ്ങളിലേക്ക് എത്തിക്കാനും അവസാനം നിമിഷംവരെ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.