ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി.ക്ക് എതിരേ ഐക്യനിര കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുമെന്ന് മന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ജൂലായ് 17, 18 തീയതികളിലാണ് യോഗം.
കഴിഞ്ഞമാസം പട്നയിൽ നടന്ന യോഗത്തിന്റെ തുടർച്ചയാണ് ബെംഗളൂരു യോഗം. പുതുതായെത്തുന്ന എട്ടു പാർട്ടികൾ ഉൾപ്പെടെ 24 കക്ഷികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ക്രിയാത്മകമായ യോഗമായിരിക്കും ബെംഗളൂരുവിലേതെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അതിൽ പങ്കെടുക്കുമെന്നും ഉദയനിധി പറഞ്ഞു.
തമിഴ്‌നാട്ടിൽനിന്ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ.), കൊങ്ങു ദേശ മക്കൾ കക്ഷി (കെ.ഡി.എം.കെ.), വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ.) എന്നീ പാർട്ടികൾ പുതുതായി യോഗത്തിനെത്തും. ഇതിൽ എം.ഡി.എം.കെ.യും കെ.ഡി.എം.കെ.യും 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സഖ്യകക്ഷികളായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും യോഗത്തിനെത്തും.
തമിഴ്‌നാടും കർണാടകവും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ യോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കരുതെന്ന് തമിഴ്‌നാട് ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന സ്റ്റാലിനെതിരേ സംസ്ഥാനവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.
ബെംഗളൂരു ഇരട്ട കൊലപാതകം;രാഷ്ട്രീയ പ്രചാരണം വേണ്ടെന്ന് പോലീസ്
ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി.സ്ഥാപനത്തിന്റെ എം.ഡി. യെയും സി.ഇ.ഒ.യെയും കൊലപ്പെടുത്തിയ സംഭവം സാമൂഹികമാധ്യമങ്ങളിൽ രാഷ്ട്രീയച്ചുവയോടെ പ്രചരിപ്പിക്കുന്നതിനെതിരേ പോലീസ്.
കൊലപാതകവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽനിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ബെംഗളൂരു പോലീസ് ട്വിറ്ററിൽ അഭ്യർഥിച്ചു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം മുന്നേറുകയുമാണ്. ഇതിനിടെ സന്ദേശങ്ങൾ പങ്കുവെക്കരുതെന്ന് ട്വീറ്റിൽ പറയുന്നു.
മറ്റൊരു ഹിന്ദു നേതാവുകൂടി കർണാടകത്തിൽ കൊല്ലപ്പെട്ടെന്ന് പറഞ്ഞ് കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽപെട്ടാണ് പോലീസിന്റെ അഭ്യർഥന. കൊല്ലപ്പെട്ട കമ്പനി എം.ഡി. ഫണീന്ദ്ര സുബ്രഹ്മണ്യത്തിന്റെ ചിത്രം സഹിതമാണ് പ്രചാരണമുണ്ടായത്.