ബെംഗളൂരുവിനും കൊളംബോയ്ക്കും ഇടയില്‍ പുതിയ പകല്‍ സമയ വിമാന സര്‍വീസ് ആരംഭിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31 മുതല്‍ ആഴ്ചയില്‍ ബെംഗളൂരു-കൊളംബോ റൂട്ടില്‍ പുതിയ പത്തു വിമാനസര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും അവധിക്കാലം ആഘോഷിക്കാനും ബിസിനസ് ട്രിപ്പുകള്‍ക്കുമായി പോവുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് പുതിയ വിമാന സര്‍വീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ബെംഗളൂരു- കൊളംബോ വിമാനം (യുഎല്‍ 1174) രാവിലെ 09:40നാണ് പുറപ്പെടുക. രാവിലെ 11:10ന് വിമാനം കൊളംബോയില്‍ എത്തിച്ചേരും. കൊളംബോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനം (യുഎല്‍ 1173) രാവിലെ 7:20ന് പുറപ്പെട്ട് 08:40ന് ബെംഗളൂരുവില്‍ എത്തിച്ചേരും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് യുഎല്‍ 1173 വിമാന സര്‍വീസും ക്രമീകരിച്ചിരിക്കുന്നത്. അവധി ദിവസങ്ങളോട് അടുപ്പിച്ചുള്ള ദിവസങ്ങളിലായതിനാല്‍ അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും ബിസിനസ് ടൂറുകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുമെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍ കണക്കുകൂട്ടുന്നത്.
MICE(Meetings, Incentives, Conferences and Exhibitions) ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രചാരമുള്ള വിദേശ രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായും സാംസ്ക്കാരികമായും ചേര്‍ന്നു നില്ക്കുന്ന അയല്‍ക്കാര്‍ കൂടിയാണ് ലങ്ക. മനോഹരമായ തെക്കന്‍ തീരങ്ങളും ചരിത്രപ്രാധാന്യമുള്ള വടക്കുഭാഗത്തെ കോവിലുകളും മധ്യഭാഗത്തെ സുന്ദരകാലാവസ്ഥയും കൊളംബോയിലെ ഷോപ്പിങ് സാധ്യതകളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
പുതിയ വിമാന സര്‍വീസുകള്‍ക്കൊപ്പം ബെംഗളൂരുവിനും കൊളംബോയ്ക്കും ഇടയിലെ പ്രതിദിന സര്‍വീസുകള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് തുടരുകയും ചെയ്യും. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് ഒമ്പത് നഗരങ്ങളില്‍ നിന്നും വിമാന സര്‍വീസുള്ള ഏക രാജ്യം ഇന്ത്യയാണ്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, ബെംഗളൂരു എന്നീ നഗരങ്ങളില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. പ്രതിവാരം ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ 90 വിമാന സര്‍വീസുകളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നടത്തുന്നത്.