കൊച്ചി: ബലാത്സംഗ കേസില്‍ പൊലീസ് തിരയുന്ന വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം. ഹൈകോടതിയാണ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈകോടതിയെ സമീപിച്ചത്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. ഇയാളെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
ശ്രകാന്ത് വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നല്കിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്മെന്റ്’ എന്ന പേജ് വഴിയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. പിന്നീട് നേരിട്ടെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരു ‘മീ ടൂ’ ആരോപണവും ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ഇതേ ഫേസ് ബുക്ക് പേജില്‍ വന്നിട്ടുണ്ട്.