ബംഗളൂരു: ഫൂട് പാത്തുകളിൽ മരണക്കെണികൾ ഒരുക്കിവെച്ച് കാത്തിരിക്കുകയാണ് രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബംഗളൂരു. ആളുകളുടെ ജീവൻ പോലും അപായത്തിലാക്കുംവിധമുള്ള അധികൃതരുടെ നിസ്സംഗതക്കെതിരെ ഒരു കൂട്ടം കലാപ്രവർത്തകർ ഗതികെട്ട് തെരുവിലിറങ്ങി. നെറ്റ്ഫ്ലിക്സിലെ പ്രമാദ സീരീസ് ആയ ‘സ്ക്വിഡ് ഗെയി’മിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചുകൊണ്ട് അവർ വ്യാഴാഴ്ച അതിരാവിലെ വേറിട്ട പ്രതിഷേധമൊരുക്കി.
ബംഗളൂരുവിലെ എറ്റവും തിരക്കുപിടിച്ച മേഖലകളിൽ ഒന്നായ സെന്റ് ജോൺസ് ആശുപത്രിക്ക് സമീപത്തായിരുന്നു പ്രതിഷേധം. കലാകാരൻമാരായ ബാദൽ, നഞ്ചുണ്ട സ്വാമി എന്നിവർക്കൊപ്പം ഒരു പറ്റം മാധ്യമ പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭഗമായി. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകർന്ന അവസ്ഥ എടുത്തുകാണിക്കുന്ന ഒരു പ്രകടനം അവർ നടത്തി. സ്ക്വിഡ് ഗെയിം കഥാപാത്രങ്ങളുടെ വേഷം ധരിച്ചുകൊണ്ടുള്ള ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിലായിരുന്നു അത്.
വലിയ വിടവുകൾ, കൂർത്ത കോൺക്രീറ്റുകൾ, പൊട്ടിയ വയറുകൾ, തുറന്ന അഴുക്കുചാലുകൾ എന്നിവ നിറഞ്ഞ ഒരു നടപ്പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് അതിലൂടെ ചിത്രീകരിച്ചു. ഓരോ ചുവടും അതിജീവന ഗെയിമിലെ ഒരു നീക്കം പോലെയായിരുന്നു അത്. ഇത് കെട്ടുകഥയല്ലെന്നും ബംഗളൂരു പൗരന്മാരുടെ ദൈനംദിന യാഥാർത്ഥ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.കാൽനടക്കാരുടെ ദാരുണാവസ്ഥ തുറന്നുകാട്ടുന്ന വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ‘കാണാൻ രസകരമാണ്. പക്ഷേ, സാധാരണക്കാരൻ സഹിക്കാൻ നിർബന്ധിതനാകുന്ന നിസ്സഹായത കണക്കിലെടുക്കുമ്പോൾ മൊത്തത്തിൽ നാണക്കേട് തോന്നുന്നുവെന്ന്’ ഒരു ‘എക്സ്’ ഉപയോക്താവ് എഴുതി.
ശരിയായ ഉപരിതല റോഡുകളും ഡ്രെയിനേജുകളും പോലുമില്ലാത്തപ്പോൾ നിങ്ങൾ ഭൂഗർഭ തുരങ്കങ്ങളും ഒരു സ്കൈ ടവറും മൂന്നാമത്തെ വിമാനത്താവളവും ആസൂത്രണം ചെയ്യുന്നു! മുൻഗണനകൾ വെച്ച് സംസാരിക്കൂ!’ എന്ന് മറ്റൊരാൾ വിമർശിച്ചു.മൂന്നാമത്തെ ഉപയോക്താവ് ഒരു കടുത്ത പഞ്ച് ലൈൻ കൂട്ടിച്ചേർത്തു. ’പക്ഷേ, സെന്റ് ജോൺ ആശുപത്രി ഏറ്റവും അടുത്താണെന്ന് ബി.ബി.എം.പി (ബൃഹത് ബംഗളൂരു മഹാരാഗര പാലിക്) ഉറപ്പാക്കിയിരിക്കുന്നുവെന്ന വസ്തുത എനിക്ക് ഇഷ്ടപ്പെട്ടു. അതിനാൽ അടിയന്തര സഹായം വളരെ അകലെയല്ല’ എന്നായിരുന്നു അത്.