സിയോള്‍: യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കുറ്റാരോപിതനായ കൊറിയൻ നടൻ ഓ യൂങ് സൂ കുറ്റക്കാരനാണെന്ന് ശരിവച്ച് കോടതി.
കേസില്‍ എട്ട് മാസം തടവും 40 മണിക്കൂർ ബോധവത്ക്കരണ ക്ലാസുമാണ് സൂവിന് കോടതി നല്‍കിയിരിക്കുന്ന ശിക്ഷ. നെറ്റ്ഫ്‌ളിക്‌സില്‍ തരംഗം സൃഷ്ടിച്ച സ്‌ക്വിഡ് ഗെയിം എന്ന സീരിസിലെ പ്രധാന കഥാപാത്രമായിരുന്നു ഓ യൂങ് സൂ.
2021 ഡിസംബറിലാണ് സൂവിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. എന്നാല്‍ ഇതിനെതിരെ പോലീസ് നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് 2022ല്‍ വീണ്ടും യുവതി പോലീസില്‍ പരാതിപ്പെട്ടു. ഇതോടെ കേസ് വീണ്ടും പുനരന്വേഷിക്കുകയായിരുന്നു. യുവതി വിശദീകരിച്ച കാര്യങ്ങള്‍ യഥാർത്ഥ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞതാണെന്ന് കോടതി കണ്ടെത്തി. സൂവിനെതിരായി തെളിവുകള്‍ ലഭിച്ചതോടെ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ശരിവയ്‌ക്കുകയായിരുന്നു.