ബംഗളൂരു: റഷ്യയുടെ സ്പുട്നിക് വാക്സിന്‍ കര്‍ണാടകയില്‍ ഉല്‍പാദിപ്പിക്കും. കര്‍ണാടകയില്‍ ധാര്‍വാഡിലെ ബേലൂര്‍ വ്യവസായ മേഖലയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്നത്.
സ്പുട്നിക്കിെന്‍റ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനുവേണ്ടിയാണ് എസ്.ബി.പി.എല്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ 5 ‘കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് കമ്ബനിയുടെ തീരുമാനം.
വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയായി വരികയാണെന്ന് ശില്‍പ ബയോളജിക്കല്‍സ് ലിമിറ്റഡ് അറിയിച്ചു. ഡോ. റെഡ്ഡീസില്‍ നിന്ന് വാക്‌സിന്‍ ഫോര്‍മുല ലഭിച്ചാല്‍ കാലതാമസമില്ലാതെ ഉല്‍പാദനം തുടങ്ങാന്‍ കഴിയും.
ഭാരത് ബയോടെക്കിെന്‍റ കോവാക്‌സിന്‍ ഉല്‍പാദനം കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ മാലൂരില്‍ തുടങ്ങുമെന്ന് കഴിഞ്ഞദിവസം കമ്ബനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ സ്പുട്‌നിക്കിന്‍റെ ഉല്‍പാദനവും തുടങ്ങുന്നത്. ഇന്ത്യന്‍ നിര്‍മിതമായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവക്കും സ്പുട്‌നിക്കിനുമാണ് രാജ്യത്ത് നിലവില്‍ ഉപയോഗത്തിന് അനുമതിയുള്ളത്.
നിലവില്‍ സ്പുട്‌നിക് റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡിനെതിരെ സ്പുട്‌നിക്കിന്‍റെ ഫലപ്രാപ്തി.