ബെംഗളൂരു : മാലിന്യം ഒഴിവാക്കുന്നതിൻ്റെ ഭാഗമായി നഗരത്തിൽ സിഗരറ്റുകുറ്റികൾ നിക്ഷേപിക്കാൻ പ്രത്യക ചവറ്റുകുട്ടകൾ സ്ഥാപിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. സിഗരറ്റ് കമ്പനികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കാനാണ് തീരുമാനം. പിന്നീട് മറ്റിടങ്ങളിലും ഇവ സ്ഥാപിക്കും.
നേരത്തേ സിഗരറ്റ്, ബീഡിക്കുറ്റികൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിതട്രിബ്യൂണൽ ബെംഗളൂരു കോർപ്പറേഷനോട് നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിഗരറ്റ് കമ്പനികളുടെ സഹകരണത്തോടെ ഇവ ശേഖരിക്കാനുള്ള സംവിധാനമൊരുക്കുന്നത്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികൾ മാലിന്യ സംസ്കരണകേന്ദ്രങ്ങളിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സൗകര്യവുമൊരുക്കും.
പ്രത്യേക ചവറ്റുകുട്ടകളിൽ സിഗരറ്റ് കുറ്റികൾ നിക്ഷേപിക്കാനുള്ള നിർദേശം സിഗരറ്റ് പാക്കറ്റുകളിൽ അച്ചടിക്കാനുള്ള നിയമ നടപടികളും കോർപ്പറേഷൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന പുകയില നിയന്ത്രണ സെല്ലിന്റെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയയ്ക്കും.
ബെംഗളൂരു കോർപ്പറേഷന് കീഴിലുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ലിമിറ്റഡിനാണ് ( ബി.എസ്.ഡബ്ല്യു.എം.എൽ.) പദ്ധതി നടത്തിപ്പിനുള്ള ചുമതല. നഗരത്തിൽ സിഗരറ്റുകുറ്റികൾ കുമിഞ്ഞുകൂടുന്ന പ്രദേശങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിഗരറ്റുകുറ്റികൾ നിക്ഷേപിക്കാനുള്ള കുട്ടകൾ ഇവിടെയായിരിക്കും സ്ഥാപിക്കുക. കുട്ടകൾ വാങ്ങാനുള്ള ചെലവ് സിഗരറ്റ് കമ്പനികളാണ് വഹിക്കുക. ഘട്ടം ഘട്ടമായി സിഗരറ്റുകൾ വിൽക്കുന്ന കടകളിലും ചവറ്റുകുട്ടകൾ എത്തിക്കാൻ പദ്ധതിയുണ്ട്. ഇതിനായി വ്യാപാരികളുടെ സംഘടനകളുമായി ചർച്ചകൾ നടത്തും.