ബെംഗളൂരു: നിയമസഭാ അസംബ്ലി ഹാളില്‍ നിന്ന് ഹിന്ദു ദേശീയവാദി വി.ഡി സവര്‍ക്കറിന്റെ ഛായാചിത്രം നീക്കുന്നതില്‍ സ്പീക്കര്‍ യു.ടി ഖാദര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 2022 ഡസംബറിലാണ് നിയമസഭയില്‍ ബിജെപി ഗവണ്‍മെന്റ് സവര്‍ക്കറുടെ പൂര്‍ണകായ ചിത്രം സ്ഥാപിച്ചത്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ കനത്ത എതിര്‍പ്പുകള്‍ മറികടന്നായിരുന്നു ബിജെപി സര്‍ക്കാറിന്റെ തീരുമാനം. സ്വാമി വിവേകാനന്ദ, സുഭാഷ് ചന്ദ്രബോസ്, ബിആര്‍ അംബേദ്കര്‍, ബസവണ്ണ, മഹാത്മാ ഗാന്ധി, വല്ലഭ്ഭായി പട്ടേല്‍ എന്നിവരുടെ ഛായാചിത്രവും ഇതോടൊപ്പം സ്ഥാപിച്ചിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രം സഭാ ഹാളില്‍ വയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സവര്‍ക്കര്‍ ചിത്രം ചര്‍ച്ചയായത്.
ഇന്ത്യയുടെ സംസ്‌കാരത്തിനോ പാരമ്ബര്യത്തിനോ വികസനത്തിനോ ഒരു സംഭാവനയും നല്‍കാത്ത വ്യക്തികളുടെ ചിത്രം സഭാ ഹാളില്‍ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്‌ഗെ കഗെരിക്ക് കത്തെഴുതിയിരുന്നു. നെഹ്‌റുവിനെ ഒഴിവാക്കി പട്ടേലിന്റെ ചിത്രം വച്ചതിനെയും കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.
സവര്‍ക്കറുടെ ചിത്രം നീക്കിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ജയിലില്‍ കഴിഞ്ഞയാളാണ് സവര്‍ക്കര്‍. സവര്‍ക്കറിന് പകരം നെഹ്‌റുവിനെ പ്രതിഷ്ഠിക്കാാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുത്തച്ഛൻ, അമ്മ, മകൻ, പേരമകൻ എന്നിവരുടെ ചിത്രം തൂക്കാനാണ് ആ പാര്‍ട്ടി ആലോചിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം നടത്തും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിപ്പുവിന്‍റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും അശോക പറഞ്ഞു.