Home Featured വീണ്ടും ഫുട്‍ബോളിനെ വരവേൽക്കാനൊരുങ്ങി ബെംഗളൂരു നഗരം

വീണ്ടും ഫുട്‍ബോളിനെ വരവേൽക്കാനൊരുങ്ങി ബെംഗളൂരു നഗരം

by admin

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന് (ഐ.എസ്.എൽ.) ശേഷം ബെംഗളൂരുവിൽ വീണ്ടും കാൽപ്പന്തുകളിയാരവത്തിന് അരങ്ങൊരുങ്ങുന്നു. ഇനിയുള്ള രണ്ടാഴ്ചക്കാലം എട്ടുരാജ്യങ്ങൾ പങ്കെടുക്കുന്ന സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (സാഫ്) ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് നഗരം സാക്ഷ്യം വഹിക്കുകയാണ്.

കണ്ഠീരവ സ്റ്റേഡിയത്തിൽ വൈകീട്ട് 3.30-നും രാത്രി 7.30-നുമാണ് മത്സരങ്ങൾ. ഏറെ നാളുകൾക്കുശേഷമാണ് കണ്ഠീരവ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരം നടക്കുന്നത്. അതിനാൽ ആവേശത്തിലാണ് ഫുട്‌ബോൾ പ്രേമികൾ.

ഇന്ത്യൻ ടീമിന് പിന്തുണയറിയിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും സ്റ്റേഡിയത്തിലുണ്ടാകും. നോർത്ത് അപ്പർ സ്റ്റാൻഡിലാകും ആരാധകർ ഉണ്ടാവുക. ബെംഗളൂരു എഫ്.സി. യുടെ ആരാധക കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് അംഗങ്ങൾ ഇന്ത്യൻ ടീമിന് പിന്തുണയറിയിച്ച് 3,300 ചതരുശ്രയടി വലിപ്പമുള്ള ബാനർ തയ്യാറാക്കിയിട്ടുണ്ട്. ബെംഗളൂരു എഫ്.സി.യുടെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്.

ഐ.എസ്.എൽ. നടക്കുമ്പോഴുള്ള അത്രയും ആരാധകരുടെ തിരക്കില്ലെങ്കിലും മികച്ചമത്സരം കാണാനാകുമെന്നതിനാൽ ടിക്കറ്റുകൾ വിറ്റുപോകുന്നുണ്ട്. ബുധനാഴ്ച നടക്കുന്ന ഇന്ത്യയും പാകിസ്താനുമായുള്ള മത്സരത്തിനാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. ഇന്ത്യക്കുപുറമേ പാകിസ്താൻ, നേപ്പാൾ, കുവൈറ്റ്, ലെബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഇന്ത്യയിൽ നാലാം തവണയാണ് സാഫ് ഫുട്‌ബോൾ നടക്കുന്നതെങ്കിലും ബെംഗളൂരു ആദ്യമായിട്ടാണ് സാഫ് ഫുട്‌ബോളിന് വേദിയാകുന്നത്. പാകിസ്താൻ മത്സരിക്കുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിസ നടപടിക്രമങ്ങൾ കാരണം പാകിസ്താൻ ടീമിന്റെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നു. അവസാന നിമിഷമാണ് വിസ സംബന്ധിച്ച തടസ്സങ്ങൾ നീങ്ങിയത്.

ബെംഗളൂരു- മൈസൂരു അതിവേഗപാതയിൽ : കാറുകൾകൂട്ടിയിടിച്ച് മൂന്നുമരണം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗപാതയിൽ കാറുകൾകൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയും ബെംഗളൂരുവിലെ താമസക്കാരനുമായ നീരജ് കുമാർ (50), ഭാര്യ സെൽവി (47), കാർ ഡ്രൈവർ മാണ്ഡ്യ സ്വദേശി നിരഞ്ജൻ (35) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ മദ്ദൂർ ഗെജ്ജലഗെരെയിലായിരുന്ന അപകടം. ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന ടാക്സി കാറിലേക്ക് ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന എസ്.യു.വി. കാർ ഇടിച്ചു കയറുകയായിരുന്നു. ടാക്സി കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്നുപേരും. എസ്.യു.വി.യിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശികളായ രണ്ടുപേർക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

എസ്.യു.വി. യുടെ അതിവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. മഴ പെയ്ത് നനഞ്ഞ റോഡിൽ നിയന്ത്രണംനഷ്ടപ്പെട്ട എസ്.യു.വി. ഡിവൈഡർ മറികടന്നാണ് എതിരേവരുകയായിരുന്ന ടാക്സി കാറിൽ ഇടിച്ചത്. പൂർണമായിതകർന്ന ടാക്സി കാറിൽനിന്ന് മറ്റുയാത്രക്കാരും സമീപവാസികളും ചേർന്ന് മൂവരേയും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം, ബെംഗളൂരു- മൈസൂരു അതിവേഗപാതയിലുണ്ടാകുന്ന അപകടങ്ങൾ അധികൃതർക്ക് വലിയപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ പാതയിലുണ്ടായ അപകടങ്ങളിൽ 55 പേരാണ് മരിച്ചത്. 570 അപകടങ്ങളുമുണ്ടായി. മിക്കവാഹനങ്ങളും പാതയിലൂടെ 120 കിലോമീറ്ററിലേറെ വേഗതയിലാണ് സഞ്ചരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group