സംഗീത പരിപാടിക്കിടെ നടത്തിയ ‘പഹല്‍ഗാം’ പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നണി ഗായകൻ സോനു നിഗം കർണാടക ഹൈകോടതിയെ സമീപിച്ചു.കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തുന്ന ആക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഗായകനെതിരെ എഫ്.ഐ.ആർ ഫയല്‍ ചെയ്തത്. ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ച് കേസ് പരിഗണിച്ചു. വാദം കേള്‍ക്കല്‍ മേയ് 15 ലേക്ക് മാറ്റി.കേസ് അന്വേഷിക്കുന്ന ആവലഹള്ളി പൊലീസ് നിഗമിന് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 352 (സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അധിക്ഷേപം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടക രക്ഷണ വേദികെ (കെ.ആർ.വി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.അതേസമയം, സോനു നിഗമുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായും ഭാവിയില്‍ അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നും കർണാടക ഫിലിം ചേംബർ ഓർ കോമേഴ്‌സ് (കെ.എഫ്.സി.സി) അറിയിച്ചിട്ടുണ്ട്. വിവാദ പരാമർശത്തിന്റെ പേരില്‍ കന്നഡ ചലച്ചിത്ര മേഖലയില്‍ നിന്ന് വിലക്ക് നേരിട്ടതിനെ തുടർന്ന് സോമു നിഗം ക്ഷമാപണം നടത്തി. ‘
ക്ഷമിക്കണം കർണാടക. നിങ്ങളോടുള്ള സ്നേഹം എന്റെ ഈഗോയേക്കാള്‍ വലുതാണ്. എപ്പോഴും സ്നേഹിക്കുന്നു’ എന്ന് ഗായകൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ എഴുതി.സംഗീത പരിപാടിക്കിടെ കന്നഡ ഗാനം പാടാൻ നിരന്തരം ആവിശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സോനു നിഗമില്‍ നിന്നും വിവാദപരാമർശമുണ്ടായത്.
പരിപാടിക്കിടെ കന്നടയില്‍ പാടണമെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ഉറക്കെ ആവിശ്യപ്പെട്ടപ്പോള്‍ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായതെന്ന് സോനു നിഗം മറുപടി നല്‍കിയതായി റിപ്പോർട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഡിയോയില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ചിലത് കന്നഡയിലാണെന്നും കർണാടക എപ്പോഴും തന്റെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്