ബംഗളൂരു: 2020 ല്‍ മരിച്ച മുൻ അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് കാർ യാത്രക്കിടെ വെടിയേറ്റു.അജ്ഞാതൻ നടത്തിയ വെടിവെപ്പില്‍ റിക്കിക്കും ഡ്രൈവർക്കുാണ് പരിക്കേറ്റത്. റിക്കിയുടെ വലതുകൈക്കും മൂക്കിനും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർക്ക് നിസാര പരിക്കേയുള്ളൂ. ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും അപകടനില തരണം ചെയ്തതായും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ 1.30ഓടെ ബംഗളൂരുവില്‍നിന്ന് 40 കിലോമീറ്റർ പടിഞ്ഞാറ് ബിദാദിയിലെ റിക്കിയുടെ വസതിയില്‍നിന്ന് 200 മീറ്റർ അകലെയാണ് സംഭവം നടന്നത്. കാറില്‍ ഡ്രൈവറും ഗണ്‍മാനുമായി ബംഗളൂരുവിലേക്ക് പോകുകയായിരുന്നു റിക്കി. അക്രമി രണ്ട് റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. റിക്കിയുടെ ഗണ്‍മാൻ തിരിച്ചു വെടിയുതിർത്തോ, വെടിവെച്ചയാള്‍ ഒറ്റക്കാണോ എത്തിയത് തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. അക്രമി മതിലിന് പിന്നില്‍ റിക്കിയുടെ കാർ കാത്തിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബിഡദി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിക്കിയുടെ കുടുംബാംഗങ്ങളെയും മറ്റും ചോദ്യം ചെയ്യുന്നുണ്ട്. പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം സംഭവത്തിന് ബിസിനസ് തർക്കവുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ടെങ്കിലും മറ്റ് കാരണങ്ങളൊന്നും പൊലീസ് തള്ളിക്കളയുന്നില്ല. ഒരു റിയല്‍ എസ്റ്റേറ്റ് കമ്ബനി ഉടമയുമായി നിരന്തരമായ തർക്കമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഉടമയെയും റിക്കിയുടെ ആദ്യ ഭാര്യയെയും കുറിച്ച് ഡ്രൈവർ സംശയം പ്രകടിപ്പിച്ചു. മുത്തപ്പ റായിയുടെ മുൻ എതിരാളികളില്‍ ഒരാളോടൊപ്പം വിളിച്ചുവരുത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്.