കർണാടക: ഹാസൻ ജില്ലയില്‍ വിവാഹം നടക്കാത്തതിലുള്ള പ്രകോപനത്തില്‍ 40കാരനായ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി.ചന്നരായപട്ടണ താലൂക്കിലെ ശ്രാവണബെലഗോളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 65 കാരിയായ ഗംഗമ്മയാണ് കൊല്ലപ്പെട്ടത്. മകൻ ഉമാശങ്കർ (40) തന്റെ വിവാഹം നടത്തിക്കൊടുക്കുന്നില്ലെന്ന് ആരോപിച്ച് അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാർച്ച് 26ന് വീട്ടില്‍ വെച്ചുണ്ടായ തർക്കത്തിനിടെ ഉമാശങ്കർ അമ്മയെ മർദിക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗംഗമ്മയെ ഹാസനിലെ എച്ച്‌ഐഎംഎസ് (HIMS) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവർ മാർച്ച് 30ന് അർധരാത്രിയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ശ്രാവണബെലഗോള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.