മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ അറിയിച്ചു.
സൂര്യന്റെ അന്തരീക്ഷത്തില്‍നിന്ന് ഉത്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്നാണ് സ്പേസ്‌വെതര്‍ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും.
വലിയ തോതില്‍ ഊര്‍ജ്ജ പ്രവാഹം ഉണ്ടാകുന്നതോടെ ഭൂമിയുടെ ഉപരിതലത്തില്‍ കൊടും ചൂട് അനുഭവപ്പെടുകയും കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുകയും ചെയ്യും. ജി.പി.എസിനെയും മൊബൈല്‍ഫോണ്‍, സാറ്റ്‌ലൈറ്റ് ടി.വി. സിഗ്നലുകളിലും തടസങ്ങള്‍ നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളെയും ഇത് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.