ബെംഗളൂരു: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് സ്കൂട്ടർ യാത്രികരായ ദമ്ബതികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയിലായി.
സംഭവത്തില്‍ ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സുകൃത് കേശവ് എന്ന യുവാവാണ് അറസ്റ്റിലായത്. ഒക്ടോബർ 26 ന് സദാശിവനഗർ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുണ്ടായ വാഹനാപകട കേസാണ് ബെംഗളൂരു പോലീസ് കൊലപാതക കേസായി രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് പ്രതി പിടിയിലായത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലില്‍ കാറിന് മുന്നില്‍ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിയത്. സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതി സുകൃത് കേശവ് സ്കൂട്ടർ യാത്രികരായ ദമ്ബതികളെ ഇടിച്ച് വീഴ്ത്താൻ ശ്രമിക്കുന്നതായി പോലീസ് ശേഖരിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തിന് പിന്നാലെ സുകൃത് കാർ നിർത്താതെ പോകുന്നതും പരിസരത്തുണ്ടായിരുന്നവർ ദമ്ബതികളെ രക്ഷപെടുത്താനെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്ത കേസ് ട്രാഫിക് പോലീസ് സദാശിവ നഗർ പോലീസിന് കൈമാറി. പിന്നാലെയാണ് കൊലപാതക ശ്രമത്തിന് സുകൃതിനെ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനോടൊപ്പം ഇന്ദിരാനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് സുകൃത് ദമ്ബതികളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് പോലീസ് പറഞ്ഞു.