സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ സംഭവങ്ങളും വാര്‍ത്തകളുമാണ് നാം കേള്‍ക്കുകയും കാണുകയും അറിയുകയും ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട കണ്ടന്‍റുകള്‍ തന്നെയാണ് ഏറ്റവുമധികം ശ്രദ്ധിക്കാറ് എന്ന് പറയാം. രസകരമായ ഫുഡ് വീഡിയോകള്‍ മാത്രമല്ല, ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികള്‍, പ്രശ്നങ്ങള്‍ എല്ലാം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കാറും പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ഇത്തരത്തില്‍ റെഡിറ്റിലൂടെ ഒരാള്‍ പ ങ്കുവച്ചൊരു ഫോട്ടോയും അനുഭവവും ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇൻഡിഗോയുടെ ഫ്ളൈറ്റില്‍ വച്ച് കിട്ടിയ സാൻഡ്‍വിച്ചില്‍ ആണി (പിരിയാണി അഥവാ സ്ക്ര്യൂ) കണ്ടുകിട്ടി എന്നാണ് പോസ്റ്റില്‍ പറയുന്നത്. കൂടെ പങ്കുവച്ച ഫോട്ടോയില്‍ പാതി കഴിച്ച സാൻഡ്‍വിച്ചിനകത്ത് ആണി ഇരിക്കുന്നതും വ്യക്തമായി കാണാം.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു. പലരും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് ഷെയര്‍ ചെയ്യാൻ തുടങ്ങി. ഫെബ്രുവരി ഒന്നിന് ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഫ്ളൈറ്റിനകത്ത് നിന്ന് കിട്ടിയതാണത്രേ സാൻഡ്‍വിച്ച്. ഇത് ഫ്ളൈറ്റില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് തങ്ങള്‍ കഴിച്ചതെന്ന് ഇവര്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈൻസിനോട് ഇവര്‍ വിശദീകരണവും ആവശ്യപ്പെട്ടുവത്രേ.
എന്നാല്‍ ഫ്ളൈറ്റില്‍ വച്ചല്ല സംഭവമുണ്ടായത് എന്നതിനാല്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ എയര്‍ലൈൻസ് അറിയിച്ചതായും ഇവര്‍ പറയുന്നുണ്ട്. എന്തായാലും സംഗതി വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. പലരും സമാനമായ അനുഭവങ്ങളും ഇതിനൊപ്പം ചേര്‍ത്ത് പങ്കിടുന്നുണ്ട്. ഫ്ളൈറ്റില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ സംഭവിച്ചിട്ടുള്ള പാളിച്ചകളെ കുറിച്ചും, പരാതി അറിയിച്ചപ്പോഴുണ്ടായ പ്രതികരണങ്ങളെ കുറിച്ചുമെല്ലാം പലരും കുറിച്ചിരിക്കുന്നു.