ബെംഗളൂരു: ബെംഗളൂരുവിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നതായി റിപ്പോർട്ട്. ബൊമ്മനഹള്ളി, ബൈട്ടരായനപുര, ദാസറഹള്ളി, മഹാദേവപുര, രാജരാജേശ്വരിനഗർ സോണുകളിലാണ് പാമ്പ് ശല്യം രൂക്ഷം. ഒരാഴ്ചയ്ക്കിടെ ബി.ബി.എം.പി.യുടെ വൈൽഡ്ലൈഫ് റെസ്ക്യൂ സംഘത്തിന് നൂറിലേറെ പരാതികളാണ് ലഭിച്ചത്. യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പരാതികളും ലഭിച്ചത്.
അതേസമയം, വൈൽഡ്ലൈഫ് റെസ്ക്യൂ സംഘത്തിലെ ജീവനക്കാരുടെ
കുറവുകാരണം പാമ്പിനെ പിടിക്കാൻ ജീവനക്കാർക്ക് കൃത്യസമയത്ത് എത്താൻ
സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്.
പാമ്പുകളുടെ പ്രജനന സമയമായതിനാലാണ് പാമ്പുകളെ കൂടുതലായി കാണുന്നതെന്നും
ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കോർപ്പറേഷൻ അറിയിച്ചു.