Home Featured ബംഗളൂരു നഗരത്തില്‍ സ്മാര്‍ട്ട് സിഗ്നല്‍ പരീക്ഷണം തുടങ്ങി

ബംഗളൂരു നഗരത്തില്‍ സ്മാര്‍ട്ട് സിഗ്നല്‍ പരീക്ഷണം തുടങ്ങി

by admin

ബംഗളൂരു: നഗരത്തില്‍ ജപ്പാൻ സാങ്കേതികവിദ്യ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് സിഗ്നല്‍ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു. അള്‍സൂരിലെ കെന്നിങ്സ്റ്റണ്‍ റോഡ്, മർഫി റോഡ് എന്നിവിടങ്ങളിലാണ് ആഴ്ച നീണ്ടു നില്‍ക്കുന്ന പരീക്ഷണം നടക്കുന്നത്. വാഹനങ്ങളുടെ തിരക്കിനനുസരിച്ച്‌ സ്വയം നിയന്ത്രിക്കുന്ന സ്മാർട്ട് സിഗ്നലുകള്‍ തിരക്കേറിയ 28 ജങ്ഷനുകളില്‍ സ്ഥാപിച്ചു.

വിശദ പരീക്ഷണത്തിനുശേഷം അടുത്ത മാസാവസാനത്തോടെ മുഴുവൻ സിഗ്നലുകളുടെയും പ്രവർത്തനം ഈ രീതിയില്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നഗര ഗതാഗത ഡയറക്ടറേറ്റ് കമീഷണർ ദീപ ചോളൻ പറഞ്ഞു.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സെൻസറുകളുടെ സഹായത്തോടെ കാലതാമസം ഒഴിവാക്കി കൃത്യസമയത്ത് സിഗ്നലുകള്‍ പ്രവർത്തിപ്പിക്കുന്നതാണ് സംവിധാനം. ക്വീൻസ് സ്റ്റാച്യു സർക്കിള്‍, അനില്‍ കുംബ്ലെ സർക്കിള്‍, മായോ ഹാള്‍ ജങ്ഷൻ, ട്രിനിറ്റി സർക്കിള്‍, മണിപ്പാല്‍ സെന്റർ ജങ്ഷൻ, കാമരാജ് റോഡ് ജങ്ഷൻ, ഒപ്പേറ ഹൗസ് ജങ്ഷൻ ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് സിഗ്നല്‍ സ്ഥാപിച്ചത്.

ട്രാഫിക് സിഗ്നലുകളില്‍ കാത്തുനില്‍ക്കുന്ന സമയം 30 ശതമാനം വരെ കുറക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഗ്നലിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തുന്ന കാമറയും സംവിധാനത്തിന്റെ ഭാഗമാണ്. ശേഖരിച്ചുവെക്കാനാകുന്ന ഈ ദൃശ്യങ്ങള്‍ അവശ്യഘട്ടങ്ങളില്‍ പൊലീസിന് പരിശോധിക്കാനാകും. 72 കോടി രൂപയുടെ പദ്ധതി ജപ്പാൻ സർക്കാറിന്റെ ധനസഹായത്തോടെയാണ് നടപ്പാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group