ബംഗളൂരു: ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. റിട്ട. പി.ഡബ്ലു.ഡി എൻജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. 2019ല്‍ മരണം നടന്നതായാണ് പൊലീസിന്റെ നിഗമനം. 2019ലെ കലണ്ടറും അവസാനം അടച്ച വൈദ്യുതി ബില്ലുമെല്ലാം കണ്ടെത്തിയതോടെയാണ് മരണം നടന്നത് ആ വര്‍ഷമാണെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്.
എന്നാല്‍, ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും അറിയാതിരുന്നത് അന്വേഷണ സംഘത്തെ അമ്ബരപ്പിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടതായി തോന്നിക്കുന്ന കെട്ടിടത്തിലേക്ക് കടന്ന പ്രദേശവാസിയാണ് മറവ് ചെയ്യാത്ത നിലയില്‍ ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇയാള്‍ വിവരം നല്കിയ മാധ്യമപ്രവര്ത്തകൻ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തുകയുമായിരുന്നു. രണ്ടുപേരുടേത് ബെഡിലും മറ്റു രണ്ടുപേരുടേത് തറയിലുമായിരുന്നു കിടന്നിരുന്നത്.
അയല്‍ക്കാരുമായി ഇവര്‍ക്ക് ബന്ധവും ഉണ്ടായിരുന്നില്ല. ഫോറൻസിക് പരിശോധനയില്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.