നിയമസഭയില്‍ ആർഎസ്‌എസ് ഗണഗീതം ചൊല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആർഎസ്‌എസ് ശാഖകളില്‍ ചൊല്ലിവരുന്ന ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്ന് തുടങ്ങുന്ന ഗണഗീതത്തിൻ്റെ വരികളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിയമസഭയില്‍ ചൊല്ലിയത്.വലിയ വിവാദമായ സംഭവത്തിൻ്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ, വ്യാഴാഴ്ചയാണ് ഡി.കെ. ശിവകുമാർ ആര്‍എസ്‌എസിന്റെ ഗണഗീതം ചൊല്ലിയത്. സ്കൂള്‍ വിദ്യാർഥിയായിരിക്കെ ബെംഗളൂരുവിലെ രാജാജിനഗർ ഏരിയയിലെ ആർഎസ്‌എസ് ശാഖകളില്‍ പങ്കെടുത്തിരുന്നതായി ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു.
വിഷയത്തില്‍ ഡി.കെ. ശിവകുമാര്‍ ഒരുകാലത്ത് ‘ആര്‍എസ്‌എസ് വേഷം ധരിച്ചിരുന്നു’ എന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക പരിഹസിച്ചു. ഇതിന് മറുപടിയായി ആര്‍എസ്‌എസിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഡി.കെ. ശിവകുമാർ ഗണഗീതി ചൊല്ലിയത്.എന്നാല്‍ വിമർശനങ്ങള്‍ക്ക് പിന്നാലെ താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തെത്തി. ” എന്റെ രക്തം, എന്റെ ജീവിതം, എല്ലാം കോണ്‍ഗ്രസിനാണ്. കർണാടകയില്‍ ആർഎസ്‌എസ് സ്ഥാപനങ്ങള്‍ നിർമിക്കുന്നതും സ്‌കൂളുകള്‍ സ്വന്തമാക്കുന്നതും എങ്ങനെയെന്ന് എനിക്കറിയാം. ഞാൻ ഒരു കോണ്‍ഗ്രസുകാരനാണ്, എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാൻ കോണ്‍ഗ്രസിനെ നയിക്കും,” ശിവകുമാർ പറഞ്ഞു.
ആർഎസ്‌എസിൻ്റെ ഏറ്റവും ശക്തമായ വിമർശകരായ കോണ്‍ഗ്രസിലെ ഒരു നേതാവ്, അവരുടെ തന്നെ ഗാനം പാടുന്നതിനെ ചൊല്ലിയായിരുന്നു വിമർശനം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി ആര്‍എസ്‌എസിനെക്കുറിച്ച് പരാമര്‍ശിച്ചതില്‍ വലിയ വിമർശനമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണോ എന്നായിരുന്നു ബിജെപി പരിഹാസം.