Home കർണാടക ആറു വര്‍ഷത്തെ അധ്യാപക മോഹം പാതിവഴിയില്‍; ബിരുദാനന്തര ബിരുദധാരിയായ യുവാവ് ഇപ്പോള്‍ ബൈക്ക് ടാക്സി ഡ്രൈവര്‍

ആറു വര്‍ഷത്തെ അധ്യാപക മോഹം പാതിവഴിയില്‍; ബിരുദാനന്തര ബിരുദധാരിയായ യുവാവ് ഇപ്പോള്‍ ബൈക്ക് ടാക്സി ഡ്രൈവര്‍

by ടാർസ്യുസ്

ബെംഗളൂരു: ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും മികച്ചൊരു ജോലി കണ്ടെത്താനാകാതെ ജീവിതത്തോട് പൊരുതികൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ച.മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദവും (MSc) ബി.എഡും നേടിയ ഒരു യുവാവ് ഉപജീവനത്തിനായി ബെംഗളൂരു നഗരത്തില്‍ റാപ്പിഡോ ഓടിക്കുന്ന വാർത്ത സാക്ഷി എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) പുറംലോകത്തെ അറിയിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ സാക്ഷി റാപ്പിഡോ ബുക്ക് ചെയ്തിരുന്നു. യാദൃശ്ചികമായാണ് ഡ്രൈവറുമായി സംസാരിച്ചത്. യാത്രയ്ക്കിടയില്‍ യുവാവിന്റെ ജോലിയെക്കുറിച്ച്‌ കൂടുതല്‍ തിരക്കിയ സാക്ഷി, താൻ മാത്തമാറ്റിക്സില്‍ എം.എസ്.സിയും ബി.എഡും കഴിഞ്ഞതാണെന്നും എന്നാല്‍ നിലവില്‍ നിത്യചെലവിനായി മറ്റൊരു ജോലി അന്വേഷിക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തി. ഇത് കേട്ട് അമ്പരന്ന സാക്ഷി അദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.കഴിഞ്ഞ ആറ് വർഷമായി സർക്കാർ അധ്യാപക ജോലിക്കായുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു ഈ യുവാവ്. എന്നാല്‍ കഠിനശ്രമം നടത്തിയിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് കുടുംബം പുലർത്താൻ അദ്ദേഹം ബൈക്ക് ടാക്സി ഓടിക്കാൻ തീരുമാനിച്ചത്. മാന്യമായ ഏത് ജോലി ചെയ്യാനും താൻ സന്നദ്ധനാണെന്നും അദ്ദേഹം സാക്ഷിയോട് പറഞ്ഞു.സാക്ഷി പങ്കുവെച്ച ഈ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. രാജ്യത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. വിദ്യാഭ്യാസം സുരക്ഷ നല്‍കുന്നില്ലേ? കഠിനാധ്വാനം ചെയ്ത് പഠിച്ചാലും ജീവിതം സുരക്ഷിതമാകില്ലേ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.ഒഴിവുകള്‍ കൃത്യമായി നികത്താത്ത സർക്കാർ സംവിധാനങ്ങളെയും പലരും കുറ്റപ്പെടുത്തി. കുറിപ്പിന് താഴെ യുവാവിന് ജോലി വാഗ്ദാനം ചെയ്തുകൊണ്ടും സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കള്‍ ഇത്തരത്തില്‍ വഴിമുട്ടി നില്‍ക്കുന്നത് ഗൗരവകരമായ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group