അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ക്കൊണ്ട് ആറു വയസുകാരന് കാഴ്ച നഷ്ടമായി. കർണാടക ചിക്കബെല്ലാപ്പുരയിലെ ചിന്താമണിക്കു സമീപം യാഗവക്കോട്ടെ ഗവണ്‍മെന്‍റ് പ്രൈമറി സ്കൂളിലാണു സംഭവം.നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് താലൂക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ഉമാദേവി, അധ്യാപിക സരസ്വതി, അധ്യാപകരായ അശോക്, നാരായണ സ്വാമി, ശ്രീരാമറെഡ്ഡി, വെങ്കട്ട റെഡ്ഡി എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു.2024 മാർച്ച് ആറിനായിരുന്നു സംഭവം. ഒന്നാം ക്ലാസുകാരെ പഠിപ്പിച്ചുകൊണ്ടിരിക്കെ അധ്യാപിക സരസ്വതി ബഹളമുണ്ടാക്കിയ കുട്ടികള്‍ക്കു നേരേ വടിയെറിയുകയായിരുന്നു.
വടി യശ്വന്ത് എന്ന കുട്ടിയുടെ വലതുകണ്ണിലാണു കൊണ്ടത്. കണ്ണു ചുവന്നു വീർത്തതോടെ ഉച്ചഭക്ഷണം വയ്ക്കുന്ന ജീവനക്കാരനൊപ്പം കുട്ടിയെ വീട്ടിലേക്ക് അയച്ചു. കുട്ടികള്‍ വടിയെറിഞ്ഞു കളിച്ചപ്പോള്‍ കണ്ണില്‍ കൊണ്ടെന്നും പേടിക്കാനില്ലെന്നുമായിരുന്നു ഇവർ പറഞ്ഞത്. എന്നാല്‍, പിന്നീടു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ബംഗളൂരുവിലെ വിക്റ്റോറിയ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും കാഴ്ച ശക്തി തിരികെക്കിട്ടിയില്ല.
തുടർന്നു വിശദ പരിശോധന നടത്തിയ ഡോക്റ്റർമാർ വലതുകണ്ണിന്‍റെ കാഴ്ച ശക്തി പൂർണമായി നഷ്ടപ്പെട്ടെന്ന് അറിയിച്ചു. ഇതിനിടെ, കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാൻ രക്ഷിതാക്കള്‍ക്കൊപ്പം പോയ അധ്യാപകർ നിലപാട് മാറ്റുകയും മാതാപിതാക്കളുടെ നോട്ടക്കുറവ് മൂലമാണ് കാഴ്ചശക്തി നഷ്ടമായതെന്ന് ആരോപിക്കുകയുമായിരുന്നു. അധ്യാപികയ്ക്കെതിരേ കേസ് കൊടുത്താല്‍ തിരിച്ചടിയുണ്ടാകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ, നാട്ടുകാർ സംഘടിക്കുകയും കുട്ടിയുടെ അച്ഛൻ നടരാജ് പൊലീസിനെ സമീപിക്കുകയുമായിരുന്നു.