ബെംഗളൂരു: ബെംഗളൂരു – മൈസൂരു പാതയിൽ ആറിടങ്ങളിൽ നിർമിതബുദ്ധി അധിഷ്ഠിതമായ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ.) ക്യാമറകൾ സ്ഥാപിക്കുന്നു. വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുവേണ്ടിയാണ് ഇത്. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനുള്ള അനുമതി നൽകി. 3.6 കോടി രൂപ ചെലവിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഉമ്മദഹള്ളി ഗേറ്റിലെ അമരാവതി ഹോട്ടലിനുസമീപം ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്.
രാഷ്‌ട്രീയത്തിലേക്ക് ഉടൻ ഇല്ല: വിശാല്‍
ചെന്നൈ: രാഷ്ട്രീയ പ്രവേശനമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടൻ വിശാല്‍. ഉടൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് തുടരുമെന്നും വിശാല്‍ വ്യക്തമാക്കി.
എന്നാല്‍, ഭാവിയില്‍ രാഷ്ട്രീയ പ്രവേശനമുണ്ടാകാം എന്ന സൂചനയും നല്‍കി. ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. അത് ഇനിയും തുടരും. അഭിനേതാവായും സാമൂഹിക പ്രവർത്തകനായും അംഗീകരിച്ച ജനങ്ങളോട് നന്ദി. പാവപ്പെട്ടവർക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫാൻസ് ക്ലബ് നടത്തുന്നത്.
ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്രവർത്തിക്കുക എന്നതാണ് അടുത്ത ഘട്ടം. അമ്മയുടെ പേരില്‍ നടത്തുന്ന ‘ദേവി ഫൗണ്ടേഷൻ” വഴി ഞങ്ങള്‍ എല്ലാ വർഷവും പാവപ്പെട്ട നിരവധി വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ട്. ദുരിതബാധിതരായ കർഷകർക്കും സഹായം നല്‍കുന്നു. ക്ഷേമ പ്രവർത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രതീക്ഷിച്ചിട്ടില്ല. എന്നാല്‍, അവശ്യഘട്ടത്തില്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാൻ മടിയില്ലെന്നും വിശാല്‍ പറഞ്ഞു.