മുംബൈ: സംഗിത പരിപാടിക്കിടെ ആരാധകനെ തല്ലി അയാളുടെ ഫോണ്‍ വലിച്ചെറിഞ്ഞ് തകർത്ത യുവഗായകനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണാണ് വിവാദത്തിലായത്. ഇതിഹാസ ഗായകൻ ഉദീത് നാരായണന്റെ മകനാണ് ആദിത്യ. താരത്തെ വിലക്കണമെന്നാണ് ആരാധകരുടെ ആവശ്യം. കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിലെ ഒരു കോളേജിലെ സംഗീത നിശയ്‌ക്കിടെയായിരുന്നു സംഭവം.
ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ആദ്യം മൈക്കുകൊണ്ട് ഇടിക്കുകയും ശേഷം അയാളുടെ ഫോണ്‍ തട്ടിപ്പറിച്ച് വലിച്ചെറിയുകയായിരുന്നു ആദിത്യ. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിഹാസ ഗായകന്റെ മകനില്‍ നിന്ന് ഇത്രയും വിലകുറഞ്ഞ പ്രവൃത്തികള്‍ പ്രതീക്ഷിച്ചില്ലെന്നും ഇത്ര അഹങ്കാരം കാണിക്കാൻ നീ അത്രവലിയ ഗായകനൊപ്പം അല്ലെന്നുമാണ് ആരാധകരുടെ കമന്റുകള്‍.
ആരാധകന്റെ ഫോണ്‍ അപ്പാടെ തകർന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. റുംഗത് എഞ്ചിനിയറിംഗ് കോളേജിലായിരുന്നു പരിപാടി. ഇത് പകർത്തിയതിനാണ് ആരാധകനോട് ആദിത്യ മോശമായി പെരുമാറിയത്. “ആജ് കി രാത്” എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചിരുന്നത്.
ഇവന്‍റ് റെക്കോർഡ് ചെയ്തതിനാണ് ആരാധകനോട് ആദ്യത്യ അസ്വസ്ഥത പ്രകടിപ്പിച്ചത് എന്നാണ് വീഡിയോയ്ക്ക് അടിയില്‍ ചിലര്‍ കമന്‍റ് ചെയ്യുന്നത്. ഷാരൂഖ് ഖാന്‍റെ ചിത്രമായ ഡോണിലെ “ആജ് കി രാത്” എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്. പാട്ടു പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഇതെല്ലാം ചെയ്തത് എന്ന് വീഡിയോയില്‍ വ്യക്തമാണ്.
എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസ് ഗായകനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “ആദിത്യ നാരായണന് എന്താണ് കുഴപ്പം? ഇത്ര അഹങ്കാരം എന്കിന്? സ്വന്തം ആരാധകരോട് അല്‍പ്പം ആദരവ് കാണിച്ചൂടെ?”. “ഇയാള്‍ ആരാണെന്നാണ് വിചാരം”, “ശരിക്കും സ്വന്തം ആരാധകരോട് സ്നേഹമില്ലാത്ത ഇയാളൊക്കെ എങ്ങനെ ഗായകനായി” തുടങ്ങിയ നിരവധി കമന്‍റുകള്‍ വീഡിയോയില്‍ വരുന്നുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ആദ്യമായല്ല ആദ്യത്യ നാരായണ്‍ വിവാദത്തില്‍ പെടുന്നത്. നേരത്തെ റായ്പൂർ വിമാനത്താവളത്തിൽ എയർപോർട്ട് ജീവനക്കാരുമായി വാക്കേറ്റമുണ്ടായത് വാർത്തകളിൽ നിറഞ്ഞിരുന്നു. 2017ൽ എയർപോർട്ട് സ്റ്റാഫുമായുള്ള വാക്കേറ്റ വീഡിയോ വൈറലായിരുന്നു. “ഞാൻ നിങ്ങളെ പരസ്യമായി അപമാനിക്കും, ആദിത്യ നാരായണണ്‍ ആരാണെന്ന് നിങ്ങൾക്കറിയില്ല” എന്ന് വെല്ലുവിളിക്കുന്ന വീഡിയോയാണ് അന്ന് വൈറലായത്. പ്രശസ്ത ഗായകന്‍ ഉദിത് നാരായണന്‍റെ മകനാണ് ആദിത്യ നാരായൺ.