ബെംഗളൂരുവില്‍ പ്രതിവർഷം ഏകദേശം 360 കോടി രൂപ വിലമതിക്കുന്ന 943 ടണ്‍ ഭക്ഷണം പാഴാക്കുന്നതില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു.വിശപ്പിന്റെ വേദനയും അരിയുടെ മൂല്യവും എനിക്കറിയാം. അതുകൊണ്ടാണ് അന്ന ഭാഗ്യ പദ്ധതി നടപ്പിലാക്കിയതെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സംഘടിപ്പിച്ച ലോക ഭക്ഷ്യദിന പരിപാടിയില്‍ സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് വർദ്ധിച്ചുവരുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്‍, തലസ്ഥാനത്ത് മാത്രം 360 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ബോധപൂർവം ഭക്ഷണം പാഴാക്കുന്നത് ഭക്ഷണത്തോടുള്ള അനാദരവാണെന്നും ഭക്ഷണം പാഴാക്കുന്നത് പാപമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരുപയോഗം തടയുന്നതിനായി അന്ന ഭാഗ്യയുടെ കീഴില്‍ വർഷം തോറും ഏകദേശം 360 കോടി രൂപയുടെ പലചരക്ക് കിറ്റുകള്‍ വിതരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു.
അന്നഭാഗ്യ അരി കരിഞ്ചന്തയില്‍ വില്‍ക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും കരിഞ്ചന്ത അവസാനിപ്പിക്കാൻ അഞ്ച് കിലോ അരിക്ക് പകരം പോഷകസമൃദ്ധമായ ഭക്ഷണ കിറ്റ് സർക്കാർ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് കിലോ അരിക്ക് പകരം പയർവർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പറഞ്ഞിരുന്നു. അന്ന ഭാഗ്യ പ്രകാരം നല്‍കുന്ന 5 കിലോ അരി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് തടയുന്നതിനായി, എണ്ണ, പയർ, പഞ്ചസാര, ഉപ്പ്, മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പലചരക്ക് കിറ്റ് നല്‍കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കിറ്റിന് ഇന്ദിര കിറ്റ് എന്ന് പേരിടുമെന്നും അദ്ദേഹം പറഞ്ഞു