ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയുടെ പരാമർശത്തിന് മറുപടിയായി, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈകമാൻഡിന്റെ നിർദേശം പാലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ വീണ്ടും പറയുന്നു, മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയുടെയോ മറ്റേതെങ്കിലും നേതാക്കളുടെയോ പ്രസ്താവനകള്‍ പ്രധാനമല്ല.പാർട്ടി ഹൈകമാൻഡിന്റെ തീരുമാനം പ്രധാനമാണ്.
ഞങ്ങള്‍ അത് അനുസരിക്കും അധികാരം പങ്കിടല്‍ വിഷയത്തില്‍ അഭിപ്രായം പറയരുതെന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പാർട്ടി അംഗങ്ങളോട് നിർദേശിച്ചതിനുശേഷം എന്തുകൊണ്ടാണ് മൊയ്‌ലി പ്രതികരിച്ചതെന്ന് ചോദിച്ചപ്പോള്‍, ‘ഹൈകമാൻഡിന്റെ നിർദേശങ്ങള്‍ ഞാൻ അനുസരിക്കും’ എന്ന് സിദ്ധരാമയ്യ ആവർത്തിച്ചു.സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളിയും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് മൊയ്‌ലിയും മറ്റു നേതാക്കളും പ്രസ്താവനകള്‍ നടത്തിയാലും അന്തിമ തീരുമാനം ഹൈകമാൻഡിന്റേതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ‘
ഞങ്ങള്‍ ഞങ്ങളുടെ സംതൃപ്തിക്കായി പ്രസ്താവനകള്‍ നടത്തുന്നു. അത്രമാത്രം. മുഖ്യമന്ത്രിയുടെ കാര്യം ഞങ്ങളുടെ അധികാരപരിധിയില്‍ വരില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.ശിവകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നേരത്തേ ആവശ്യപ്പെട്ട സഹകരണ മന്ത്രി കെ.എൻ. രാജണ്ണയും മൊയ്‌ലിയുടെ പരാമർശങ്ങളെ വിമർശിച്ചു. ‘വീരപ്പ മൊയ്‌ലിയുടെ പ്രസ്താവന വ്യക്തിപരമാണ്.മൊയ്‌ലി ഞങ്ങളുടെ പാർട്ടിയുടെ മുതിർന്ന നേതാവാണ്.അദ്ദേഹം മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമാണ്. ഞാൻ അദ്ദേഹത്തോട് തർക്കിക്കില്ല.എന്നാലും, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈകമാൻഡ് എടുക്കും’ എന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, അധികാര പങ്കിടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ നിലപാടിനെക്കുറിച്ചുള്ള ചർച്ചകള്‍ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മറുപടി നല്‍കി.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടി അംഗങ്ങളോട് നിർദേശിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.’അധികാരം പങ്കിടുന്ന വിഷയം ചർച്ച ചെയ്യരുതെന്ന് ഖാർഗെ ഞങ്ങളോട് നിർദേശിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വാക്കുകള്‍ പാലിക്കുന്നതില്‍ ഞാൻ പ്രതിജ്ഞാബദ്ധനാണ്’ -വിധാൻ സൗധയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശിവകുമാർ പറഞ്ഞു.മുഖ്യമന്ത്രിയാകുന്നതില്‍നിന്ന് തന്നെ തടയാൻ ആർക്കും കഴിയില്ലെന്ന മൊയ്‌ലിയുടെ പ്രസ്താവനക്ക്, ‘വീരപ്പ മൊയ്‌ലി തന്റെ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചു. ഞാൻ അതിനെക്കുറിച്ച് അഭിപ്രായം പറയില്ല, അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ല’ എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.