ബെംഗളൂരു: കന്നഡ മീഡിയം സ്കൂളുകളില്‍ പോലും മലയാളം ഒന്നാം ഭാഷയാക്കുന്ന കേരളം നടപ്പാക്കാനൊരുങ്ങുന്ന നിയമത്തെ എതിർക്കുമെന്ന് കർണാടക.നിയമത്തിനെതിരെ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേരളത്തിന്റെ അതിർത്തി ജില്ലകളുടെ, പ്രത്യേകിച്ച് കാസർകോടിന്റെ ഭാഷാ സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണ് നിർദിഷ്ട നിയമമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ കുട്ടികള്‍ക്ക് ഭാഷ ഒരു ‘വിഷയം’ മാത്രമല്ല. അത് സ്വത്വം, അന്തസ്, അവസരം എന്നിവയാണ്. കേരളം ഒരൊറ്റ ‘ഒന്നാം ഭാഷ’ നിർബന്ധിക്കുമ്ബോള്‍, മാതൃഭാഷയില്‍ പഠിക്കുന്ന വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തുന്നതാണെന്നും അക്കാദമിക് പുരോഗതിയെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഷ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറയ്ക്കുകയും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെയും വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെക്കാലമായി ആളുകള്‍ കന്നഡ മീഡിയം സ്കൂളുകളിലാണ് പഠിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ അവർ കന്നഡയെ ആശ്രയിക്കുന്നു. ജില്ലയുടെ ചില ഭാഗങ്ങളില്‍ 70% ത്തോളം വരുന്നവർ കന്നഡ പഠനത്തെയും കന്നഡ ലിപിയെയും ഇഷ്ടപ്പെടുന്നുവെന്ന് തദ്ദേശ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് മലയാളത്തിന് ഭീഷണിയല്ല, മറിച്ച് ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിന്റെ തെളിവാണ്, അവിടെ ഭാഷകള്‍ ഭയമില്ലാതെ ഒന്നിച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിള്‍ 29, 30, 350A, 350B എന്നിവ പ്രകാരം ഒരു സർക്കാരിനും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.മലയാളത്തെ അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിന് എല്ലാ അവകാശവുമുണ്ട്. നമ്മുടെ ഹൃദയമിടിപ്പും സ്വത്വവുമായ കന്നഡയ്ക്ക് വേണ്ടി കർണാടകയും അതുതന്നെ ചെയ്യുന്നു. എന്നാല്‍ അടിച്ചേല്‍പ്പിക്കലായി മാറരുതെന്നും ബില്‍ പിൻവലിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഈ ബില്‍ പാസായാല്‍, നമ്മുടെ ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഉപയോഗിച്ച് കർണാടക അതിനെ എതിർക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഓരോ കന്നഡിഗനും, കാസർഗോഡിലെ ജനങ്ങള്‍ക്കും, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും, ഇന്ത്യ എല്ലാ ഭാഷയ്ക്കും എല്ലാ ശബ്ദത്തിനും തുല്യമാണെന്ന് വിശ്വസിക്കുന്ന എല്ലാവർക്കുമൊപ്പം ഞങ്ങള്‍ നിലകൊള്ളും. മലയാളം, കന്നഡ തുടങ്ങി എല്ലാ മാതൃഭാഷകളും അഭിവൃദ്ധി പ്രാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.