ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ ചൂടുപിപിടിപ്പിച്ച അധികാര പങ്കാളിത്തം എന്ന വാദം നിഷേധിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യ.പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി, അങ്ങനെയൊരു ധാരണ നിലവിലില്ലെന്നും പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുന്നത് വരെ താൻ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെലഗാവിയില്‍ നടന്ന നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് സംസ്ഥാന സർക്കാരില്‍ രണ്ടര വർഷത്തെ അധികാര കൈമാറ്റം എന്ന ആശയത്തില്‍ അദ്ദേഹം പ്രതികരിച്ചത്.’ആദ്യം ജനങ്ങള്‍ നമ്മളെ അനുഗ്രഹിക്കണം. പിന്നീട് നിയമസഭാംഗങ്ങള്‍ നേതാവിനെ തിരഞ്ഞെടുക്കും, അതിനുശേഷമാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുന്നത്’ സിദ്ധരാമയ്യ പറഞ്ഞു. ‘ഇപ്പോഴും ഞാൻ തന്നെയാണ് മുഖ്യമന്ത്രി, ഹൈക്കമാൻഡ് മറ്റൊരു തീരുമാനം എടുക്കുന്നത് വരെ ഈ സ്ഥാനത്ത് തുടരും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാല്‍ സിദ്ധരാമയ്യയുടെ പ്രസ്‌താവനയോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് ആർ. അശോക, അദ്ദേഹത്തിന്റെ വാദത്തെ ചോദ്യം ചെയ്‌തു.
‘നിങ്ങളെ നിയമസഭാ പാർട്ടി അഞ്ചു വർഷത്തേക്കാണ് തിരഞ്ഞെടുത്തത്. അപ്പോള്‍ ഈ രണ്ടര വർഷം എന്നതിനെക്കുറിച്ചെന്ത്?’ അശോക ചോദിച്ചു. എന്നാല്‍ ‘ഞാൻ ഒരിക്കലും രണ്ടര വർഷത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. അങ്ങനെയൊരു കരാറുമില്ല’ എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.നേരത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ താൻ പൂർണമായ കാലാവധി പൂർത്തിയാക്കുമെന്നും 2028ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. ഹൈക്കമാൻഡ് പറയുന്നതുവരെ ഞാൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദവും കോലാഹലവും ഒക്കെ ഉണ്ടായിരുന്നു.കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ജനുവരിയില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന ഊഹാപോഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമാവുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളെ തള്ളിക്കളയാൻ, സിദ്ധരാമയ്യയും ശിവകുമാറും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും മാധ്യമങ്ങളെ അഭിമുഖീകരിച്ച് പാർട്ടി ഐക്യം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍ കൂടാതെ മറ്റൊരു അത്താഴവിരുന്നിനെ കുറിച്ചുള്ള പ്രചാരണം ഡികെ ശിവകുമാർ തള്ളിക്കളഞ്ഞിരുന്നു. ‘ആരാണ് പറഞ്ഞത്? അത്താഴവിരുന്നോ മറ്റോ ഉണ്ടായിരുന്നില്ല. എന്റെ മുൻ ഡിസിസി പ്രസിഡന്റിന് ആദരാഞ്ജലി അർപ്പിക്കാൻ ഞാൻ അത്താഴവിരുന്നിന് പോയിരുന്നു, അവർ കർണാടകയ്ക്കും ബെലഗാവിക്കും ധാരാളം സംഭാവനകള്‍ നല്‍കി. അതിനാല്‍ അദ്ദേഹത്തെ ആദരിക്കാൻ, ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം പോയി. മറ്റ് രാഷ്ട്രീയമൊന്നുമില്ല’ എന്നാണ് ഡികെ പ്രതികരിച്ചത്.