ബെംഗളൂരു : സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര . കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെയാണ് യതീന്ദ്രയുടെ അപ്രതീക്ഷിത പ്രസ്താവന.തന്റെ പിതാവിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത സതീഷ് ജാര്‍ക്കിഹോളി ആണെന്നും യതീന്ദ്ര പറഞ്ഞു. മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ചിട്ടുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതീന്ദ്രയുടെ പ്രസ്താവന.സംസ്ഥാനത്ത് നേതൃമാറ്റ സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹത്തിന്റെ പാരമ്ബര്യം മുന്നോട്ട് കൊണ്ടുപോകാന്‍ സതീഷ് ജാര്‍ക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്നും സിദ്ധരാമയ്യയുടെ മകന് പറഞ്ഞു.സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് അഭിപ്രായപ്പെട്ട യതീന്ദ്ര, ഒരു പുരോഗമന നേതാവ് എന്ന രീതിയില്‍ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ജാര്‍ക്കിഹോളിക്ക് കഴിയുമെന്നും പറഞ്ഞു.സര്‍ക്കാരിലുള്ള ആഭ്യന്തര ഭിന്നതകളും അഭ്യൂഹങ്ങളും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് ഈ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്കിയതും അടുത്തിടെയാണ്.