കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് കോള്‍ഡ്രിഫ് സിറപ്പ് ഉത്പാദകരായ ശ്രേസൻ ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനി ഉടമയെ കസ്റ്റഡിയിലെടുത്തു.ഒളിവിലായിരുന്ന ജി രംഗനാഥനാണ് പിടിയിലായത്. മദ്ധ്യപ്രദേശ് പൊലീസ് ഇന്ന് രാവിലെ ചെന്നെെയിലെത്തി ഇയാളെ കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്. മദ്ധ്യപ്രദേശില്‍ വിഷ സിറപ്പ് കഴിച്ചതിനെ തുടർന്ന് 20 കുട്ടികളാണ് മരിച്ചത്.
ശ്രേസൻ ഫാർമസ്യൂട്ടിക്കല്‍സിന് തമിഴ്‌നാട് സർക്കാരിന്റെ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കോള്‍ഡ്രിഫ് സിറപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയത്. ആകെ ഉത്പാദിപ്പിച്ച മരുന്നിന്റെ അളവ്, അസംസ്‌കൃത വസ്തുക്കളുടെ സർട്ടിഫിക്കറ്റുകളും ബില്ലുകളും, പ്രൊപൈലിൻ ഗ്ലൈക്കോള്‍ വാങ്ങിയതിന്റെ ബില്ല്, മരുന്നിന്റെ മാസ്റ്റർ ഫോർമുല തുടങ്ങിയവയാണ് നല്‍കേണ്ടത്.ശ്രേസൻ ഫാർമസ്യൂട്ടിക്കല്‍സിന്റെ കാഞ്ചീപുരത്തെ ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ 350ലേറെ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.
അടിസ്ഥാനസൗകര്യങ്ങളും യോഗ്യതയുള്ള ജീവനക്കാരും സ്ഥാപനത്തിലില്ലെന്ന് കണ്ടെത്തി. മതിയായ രേഖകളില്ലാത്ത 50 കിലോഗ്രാം ഡൈഎത്തിലിൻ ഗ്ലൈക്കോളും കണ്ടെത്തി.പഞ്ചാബ്, ജാർഖണ്ഡ് സംസ്ഥാനങ്ങളും കോള്‍ഡ്രിഫിന്റെ വില്‍ല്പനയും ഉപയോഗവും നിരോധിച്ചു. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകള്‍ കുറിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന് കർണാടക ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ചുമ മരുന്നുകളുടെ കയറ്റുമതിയും ഇറക്കുമതിയും വിലക്കിയിട്ടുമുണ്ട്. രാജസ്ഥാനും മദ്ധ്യപ്രദേശിനും പുറമെ കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിരോധിച്ചിരുന്നു.