ദില്ലി : ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യക്കൂട ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതിന്‍റെ വീഡിയോ വൈറലായതോടെ ഇന്ത്യൻ റെയില്‍വേയിലെ കോച്ച് അറ്റൻഡന്‍റിന്‍റെ പണി പോയി.റെയില്‍വേയിലെ വൃത്തി – മാലിന്യ നിർമാർജന രീതികളെക്കുറിച്ച് വലിയ ചർച്ചയ്ക്കാണ് വീഡിയോ വഴിവച്ചത്. സീല്‍ഡാ-അജ്മീർ എക്സ്പ്രസ് (12987) ട്രെയിനിനകത്തായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാമില്‍ അഭിഷേക് സിംഗ് പാർമർ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. കാണ്‍പൂരില്‍ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന സിംഗ്, അറ്റൻഡന്റിനെ തടയാൻ ശ്രമിച്ചെങ്കിലും, “ഇത് വീട്ടിലേക്ക് കൊണ്ടുപോകണോ?” എന്ന് മറുപടി പറഞ്ഞ് അദ്ദേഹം വീണ്ടും മാലിന്യം വലിച്ചെറിഞ്ഞു. അറ്റൻഡന്റ് സഞ്ജയ് സിംഗായിരുന്നു ഇങ്ങനെ ചെയ്തതെന്ന് വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതോടെ അറ്റന്‍ഡന്‍റിനെതിരെ നടപടിയെടുത്തതായി റെയില്‍വേ അറിയിച്ചു. കരാർ ജീവനക്കാരനായ സഞ്ജയ് സിംഗിനെ ഉടൻ പിരിച്ചുവിട്ടെന്നാണ് റെയില്‍വേ അറിയിച്ചത്.