Home Featured 40,000 രൂപ വരെ, അഡ്വാൻസ് 5 ലക്ഷം ; ബെംഗളൂരുവിൽ കട വാടകയിൽ വർധനവ്, പ്രതിസന്ധിയിലായത് ഒട്ടേറെ മലയാളികളും

40,000 രൂപ വരെ, അഡ്വാൻസ് 5 ലക്ഷം ; ബെംഗളൂരുവിൽ കട വാടകയിൽ വർധനവ്, പ്രതിസന്ധിയിലായത് ഒട്ടേറെ മലയാളികളും

by admin

ബെംഗളൂരു∙ രാവിലെ ഉണർന്നാലുടൻ ഇ–കൊമേഴ്സ് പോർട്ടലിൽ ദോശമാവും പാക്കറ്റ് പാലുമൊക്കെ ഓർഡർ ചെയ്താൽ 10–15 മിനിറ്റിനുള്ളിൽ ഇവ വീട്ടിലെത്തും ഇപ്പോൾ. ഇങ്ങനെ ഇ–വ്യാപാരം കുതിച്ചുയർന്നതോടെ നഗരത്തിൽ മലയാളി സാന്നിധ്യം ഏറെയുണ്ടായിരുന്ന ചെറുകിട കച്ചവട മേഖല പ്രതിസന്ധിയിലായി. ഇരുട്ടടിയായി വർധിച്ചുവരുന്ന കട വാടകയും. 1990കളിൽ സ്റ്റേഷനറി, പലവ്യഞ്ജനം, ബേക്കറി, ടീ സ്റ്റാളുകൾ എന്നീ മേഖലകളിൽ മലയാളികൾ നേടിയ വിജയം ബെംഗളൂരുവിന്റെ വളർച്ചയ്ക്കും മുതൽക്കൂട്ടായിരുന്നു.

അക്കാലത്ത് കേരളത്തിലെ നഗരങ്ങളേക്കാൾ കുറഞ്ഞ വാടകയായിരുന്നു ബെംഗളൂരുവിൽ വ്യാപാരം തുടങ്ങാൻ മലയാളികളെ പ്രേരിപ്പിച്ചിരുന്നത്. ചെറിയ കടമുറിയിൽ നിന്ന് ആരംഭിച്ച കച്ചവടം അഭിവൃദ്ധിപ്പെട്ടതോടെ പലരും കുടുംബസമേതം കന്നഡ നാട്ടിൽ സ്ഥിരതാമസമാക്കി. കോവിഡിനു മുൻപ് ഓൺലൈൻ വ്യാപാരം സജീവമായപ്പോഴും സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ചെറുകിട കച്ചവടം ഭേദപ്പെട്ട രീതിയിൽ തുടർന്നിരുന്നു. എന്നാൽ ലോക്ഡൗണിനും മറ്റു നിയന്ത്രണങ്ങൾക്കും പിന്നാലെ സ്ഥിതി മാറിമറിഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിൽ പോലും ഓൺലൈൻ വ്യാപാരം പിടിമുറക്കിയതോടെ പരമ്പരാഗത കച്ചവടക്കാരുടെ നില പരുങ്ങലിലായി. പ്രതിമാസ വാടക നൽകാൻ പോലും വരുമാനം ലഭിക്കാത്ത അവസ്ഥ. ഇക്കൂട്ടത്തിൽ പലരും കച്ചവടം തന്നെ അവസാനിപ്പിച്ച സാഹചര്യവുമുണ്ട്.

കൈപൊള്ളിക്കും വാടക : നഗരം വളർന്നപ്പോൾ വാടക നിരക്ക് കുതിച്ചുയർന്നതും കച്ചവടക്കാരെ കുഴക്കി. 10 വർഷം മുൻപ് 100 ചതുരശ്ര അടി വിസ്തീർണമുള്ള കടമുറിക്ക് സ്ഥലത്തിന്റെ തിരക്കിനനുസരിച്ച് പ്രതിമാസം 5000–10000 രൂപവരെയായിരുന്നു വാടക. ഇന്നിത് 20000– 40000 രൂപയാണ്. ആൾത്തിരക്കുള്ള നിരത്തിലാണ് കടകളെങ്കിൽ അഡ്വാൻസായി 3–5 ലക്ഷം രൂപ നൽകണം. 12–15 മണിക്കൂർ വരെ തുറന്നിരിക്കുന്ന കടകളിൽ പോലും കച്ചവടം ഇടി‍ഞ്ഞതോടെ പലരും ജീവനക്കാരെ കുറച്ചു.

വാണിജ്യ ഉപയോഗത്തിനുള്ള വൈദ്യുതി നിരക്ക് ഉയർത്തിയതോടെ ഫ്രീസറിന്‌ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനച്ചെലവും ഇരട്ടിയായി. അരലീറ്റർ പാൽ വിറ്റാൽ ഒരു രൂപയിൽ താഴെയാണ് കച്ചവടക്കാരനു ലഭിക്കുന്നത്. കൂടുതൽ വിൽപനയുണ്ടായിരുന്ന റെഡിമെയ്ഡ് സ്നാക്സ്, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിൽപനയും കുറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group