വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ച അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്.
20 കാരനായ തോമസ് മാത്യു ക്രൂക്സ് ആണ് വെടിയുതിർത്തതെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അക്രമകാരണം വ്യക്തമല്ല,
ബട്ട്ലർ ഫാം ഷോ ഗ്രൗണ്ടിലെ സ്റ്റേജില്‍ നിന്ന് 130 മീറ്ററിലധികം അകലെയുള്ള ഒരു നിർമ്മാണ പ്ലാൻ്റിൻ്റെ മേല്‍ക്കൂരയിലാണ് ക്രൂക്സ് നിന്നത് .ശനിയാഴ്ച വൈകീട്ടാണ് ഇയാള്‍ ഇവിടെ എത്തിയത്. ഇവിടെ നിന്ന് ഇയാള്‍ നിരവധി തവണ വെടിയുതിർത്തെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ തന്നെ അക്രമിയെ പോലീസ് കൊലപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ അന്വേഷണം ഊർജിതമാക്കി. ക്രൂക്സിൻ്റെ പശ്ചാത്തലമടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. പ്രസംഗത്തിനിടെ ട്രംപിന് വെടിയേല്‍ക്കുന്നതും അദ്ദേഹം നിലത്തേക്ക് ഇരിക്കുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. ‘വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി, രക്തസ്രാവമുണ്ടായി, എന്താണ് സംഭവിച്ചതെന്ന് അതോെ മനസിലായി, അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’, എന്നാണ് അക്രമണത്തിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്. നിലവില്‍ ഡോക്ടർമാരുടെ പരിചരണത്തിലാണു ട്രംപ്.
അതേസമയം ട്രംപിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് യു എസ് പ്രസിഡന്റഅ ജോ ബൈഡൻ രംഗത്തെത്തി. ഇതുപോലെയുള്ള ആക്രമണങ്ങള്‍ക്ക് യുഎസില്‍ സ്ഥാനമില്ലെന്നും ഇത്തരം സംഭവങ്ങള്‍ അനുവാദിക്കാനാകില്ലെന്നും ബൈഡൻ പറഞ്ഞു. ‘ഇത്തരം സംഭവങ്ങള്‍ ക്ഷമിക്കാനും സാധിക്കില്ല. അമേരിക്കൻ രാഷ്ട്രീയത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായെന്നത് കേകട്ടുകേള്‍വി ഇല്ലാത്തതാണ്. സംഭവത്തില്‍ എല്ലാവരും അപലപിക്കണം’, ബൈഡൻ പറഞ്ഞു. അദ്ദേഹം ട്രംപുമായി ഫോണില്‍ സംസാരിച്ചു.
അതിനിടെ അക്രമണത്തില്‍ പ്രധാനമന്ത്രി മോദിയും അപലപിച്ചു. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്സില്‍ കുറിച്ചു. ‘ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.