ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ സീറ്റില്‍ കിടക്കാന്‍ ശ്രമിച്ചതാണ് വിമാനത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത് എന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍.
കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് സര്‍ക്കസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവര്‍ ദുബായിലെത്തിയത്.
ദുബായില്‍ എത്തിയ അന്ന് മുതല്‍ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. രാത്രിയിലേക്കും നീണ്ട പരിപാടികള്‍ മൂലം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എല്ലാവരും ക്ഷീണിതരായിരുന്നു. രാവിലെ വിമാനത്തില്‍ എത്തിയപ്പോള്‍ പിന്നിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഒന്നില്‍ ഷൈന്‍ കിടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതോടെ ഷൈന്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചു. പുറത്തേക്കുള്ള വാതിലെന്ന് തെറ്റിദ്ധരിച്ചാണ് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇതോടെ ജീവനക്കാര്‍ അദ്ദേഹത്തെ തടഞ്ഞ് പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുത്തു. തുടര്‍ന്ന് ഷൈന്‍ വിമാനത്തിന് പുറത്തിറങ്ങുകയായിരുന്നുവെന്ന് സോഹന്‍ പറഞ്ഞു.
വിസിറ്റ് വിസ ആയതിനാല്‍ എക്‌സിറ്റ് അടിച്ചതിനാല്‍ തുടര്‍ന്നുള്ള വിമാനത്തില്‍ പോരാന്‍ കഴിയാതിരുന്നതാണ് പിന്നീട് തെറ്റായ വാര്‍ത്തകള്‍ പരക്കാന്‍ കാരണമായത്. പുതിയ വിസ എടുക്കും വരെ എമിഗ്രേഷന്‍ വിഭാഗത്തില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കള്‍ക്കൊപ്പം ഷൈന്‍ പോയെന്നും സോഹന്‍ വിശദീകരിച്ചു.