പ്രമുഖ മോഡൽ ജുമാന ഖാൻ നായികയായി അരങ്ങേറ്റം കുറിക്കുന്നു. സലാം ബാപ്പു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആയിരത്തൊന്നാം രാവ് എന്ന ചിത്രത്തിലാണ് ജുമാന ഖാൻ ഷൈൻ നിഗത്തിന്റെ നായികയാകുന്നത്.റെഡ് വൈൻ, മംഗ്ളീഷ് എന്നീ ചിത്രങ്ങൾക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആയിരത്തൊന്നാം രാവ്. ചിത്രത്തിന്റെ ചിത്രീകരണം യു എ. ഇയിലെ റാസൽ ഖൈമയിൽ ആരംഭിച്ചു.
ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തു നിന്നും ദുബായിലെത്തുന്ന ഒരു യുവാവിൻ്റെ കഥയാണ് പറയുന്നത്.സൗബിൻ ഷാഹിർ, രൺജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാബർ, അഫ്സൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല എന്നിവരാണ്.
സലാം ബാപ്പുവിന്റെ വാക്കുകൾ
പ്രിയ സുഹൃത്തുക്കളെ, റെഡ് വൈൻ, മംഗ്ളീഷ് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ എന്റെ മൂന്നാമത്തെ ചിത്രം ആയിരത്തൊന്നാം രാവ് ഇന്ന് യു എ. ഇയിലെ റാസൽ ഖൈമയിൽ തുടങ്ങുകയാണ്. ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ ഷെയിൻ നിഗവും ജുമാന ഖാനും നായിക നായകന്മാരാകുന്ന ആയിരത്തൊന്നാം രാവിന് നിങ്ങളുടെ എല്ലാവരുടെ പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം സലാം ബാപ്പു.