Home Featured കര്‍ണാടകയില്‍ പുകഞ്ഞ് ജെ.ഡി.എസ് എം.പിയുടെ ലൈംഗികാതിക്രമ കേസ്

കര്‍ണാടകയില്‍ പുകഞ്ഞ് ജെ.ഡി.എസ് എം.പിയുടെ ലൈംഗികാതിക്രമ കേസ്

by admin

ബംഗളൂരു: നൂറുകണക്കിന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ ജെ.ഡി.എസ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്‌.ഡി.

ദേവഗൗഡയുടെ പേരമകനുമായ പ്രജ്വല്‍ രേവണ്ണയെ(33) അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകർ തിങ്കളാഴ്ച ബംഗളൂരു, ഹാസൻ, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ മാർച്ച്‌ നടത്തി പ്രതിയുടെ കോലം കത്തിച്ചു. മുൻമന്ത്രി എച്ച്‌.ഡി. രേവണ്ണ എം.എല്‍.എയുടെ മകനായ പ്രജ്വല്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന ഹാസൻ ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥിയാണ്.

എം.പിയുടെ പ്രവൃത്തി കർണാടകയെയും രാജ്യത്തെയും നാണിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ബംഗളൂരു കെ.പി.സി.സി ഓഫിസ് പരിസരത്ത് പ്രതിഷേധം ഉദ്ഘാടനംചെയ്ത അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക ലംബ പറഞ്ഞു. പ്രജ്വല്‍ രേവണ്ണ എം.പി നൂറുകണക്കിന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന്റെ 3000ത്തിലേറെ വിഡിയോകളാണ് പുറത്തുവരുന്നതെന്ന് അവർ പറഞ്ഞു.

സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് കർണാടക വനിത കമീഷൻ ചെയർപേഴ്സൻ ഡോ. നാഗലക്ഷ്മി ചൗധരി കത്ത് നല്‍കിയതിനെത്തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിട്ടുണ്ട്. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി ബിജയ് കുമാർ സിങ്, എ.ഐ.ജി സുമൻ ഡി. പെന്നേക്കർ, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കർ എന്നിവരടങ്ങുന്നതാണ് എസ്.ഐ.ടി.

ചാമരാജ് നഗറിലെ റീ പോളിങ്; വീണ്ടും ബഹിഷ്‍കരണവുമായി നാട്ടുകാര്‍

ബംഗളൂരു: ഏപ്രില്‍ 26ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തും ഇ.വി.എമ്മും നശിപ്പിക്കപ്പെട്ട ചാമരാജ്നഗറിലെ ഹാനൂരില്‍ ഇന്ദിഗണത ഗ്രാമത്തില്‍ തിങ്കളാഴ്ച നടത്തിയ റീ പോളിങ്ങും ബഹിഷ്കരിച്ച്‌ നാട്ടുകാർ. അവസാനം ലഭിച്ച റിപ്പോർട്ട് പ്രകാരം 12.69 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

ഇന്ദിഗണത ഗ്രാമത്തിലെ 146ാം പോളിങ് ബൂത്തില്‍ 528 വോട്ടർമാരാണുള്ളത്. ഇതില്‍ 67 പേർ മാത്രമാണ് ഇന്നലെ വോട്ട് ചെയ്യാനെത്തിയത്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളിലെ വികസനമില്ലായ്മയില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ 26ലെ തെരഞ്ഞെടുപ്പ് നാട്ടുകാർ ബഹിഷ്‍കരിക്കുകയും പോളിങ് ബൂത്തടക്കം അടിച്ചുതകർക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബോധവത്കരണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും വോട്ടർക്കും പരിക്കേറ്റിരുന്നു. അതിനെതുടർന്നാണ് ഇവിടെ തിങ്കളാഴ്ച റീ പോളിങ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group