Home Featured പ്രജ്വല്‍ രേവണ്ണയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കര്‍ണാടക മന്ത്രി

പ്രജ്വല്‍ രേവണ്ണയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കര്‍ണാടക മന്ത്രി

by admin

ബംഗളൂരു: ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ ഉടൻ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര. രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെടുമെന്നും പരമേശ്വര പറഞ്ഞു.

രേവണ്ണക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഈ കേസില്‍ ഉദ്യോഗസ്ഥർക്ക് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നല്‍കിയിട്ടുണ്ട്. സമയപരിധി കൊടുത്തില്ലെങ്കില്‍ മറ്റ് കേസുകളെ പോലെ ഇതും വർഷങ്ങള്‍ നീണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന വനിത കമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വല്‍ രേവണ്ണക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ബി.കെ.സിങ്ങിനാണ് അന്വേഷണ ചുമതല. രണ്ട് വനിത ഇൻസ്‍പെകടർമാരും അന്വേഷണസംഘത്തിലുണ്ട്. അന്വേഷണത്തില്‍ സംസ്ഥാന സർക്കാർ ഇടപെടില്ല. രേവണ്ണയുടെ ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പെൻഡ്രൈവുകള്‍ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിക്കുമെന്നും പരമേശ്വര പറഞ്ഞു.

പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചാല്‍ പ്രതിക്കെതിരെ തുടർ നടപടികളുണ്ടാവും. കേസിലെ പരാതിക്കാർക്ക് സംരക്ഷണം നല്‍കാൻ സംസ്ഥാന സർക്കാർ തയാറാണ്. കേസില്‍ അഞ്ച് പരാതിക്കാരാണ് ഉള്ളതെന്നാണ് സൂചന. സർക്കാർ ഉദ്യോഗസ്ഥർ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ പരാതിക്കാരുടെ പട്ടികയിലുണ്ട്. ഇവർ പൊലീസിന് മുമ്ബാകെ മൊഴി നല്‍കിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ജെ.ഡി.എസ് എം.പിയും എച്ച്‌.ഡി ദേവഗൗഡയുടെ പേരമകനുമായ പ്രജ്വല്‍ രേവണ്ണയുടെ നിരവധി അശ്ലീല വിഡിയോകള്‍ ഹാസൻ ജില്ലയില്‍ പ്രചരിച്ചിരുന്നു. 2,976 വിഡിയോകള്‍ ഇത്തരത്തില്‍ പ്രചരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. വിഡിയോകളില്‍ ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമില്‍ വെച്ചാണ് വിഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group