പട്ന: ബിഹാറിൽ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ഇതിന് മുമ്പും നിരവധി സ്ത്രീകൾക്കെതിരെ സമാന ആക്രമണമുണ്ടായതോടെയാണ് ഇയാൾ സീരിയൽ കിസ്സറായിരിക്കാനുള്ള സാധ്യത പൊലീസ് തേടുന്നത്.
ആരോഗ്യപ്രവർത്തക പരാതിയുമായി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പ്രതിയെ നേരത്തെ അറിയില്ലന്നും എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നില്ലെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചപ്പോഴേക്കും അയാൾ രക്ഷപ്പട്ടു. ആശുപത്രിയുടെ മതിലുകള്‍ ഉയരം കുറഞ്ഞതാണ് മുള്ളുവേലി കെട്ടി സ്ത്രീകളെ സംരക്ഷിക്കണമെന്ന് അഭ്യര്‍ഥികയാണെന്ന് യുവതി പറഞ്ഞു.
വീഡിയോ വൈറലായതിന് പിന്നാലെ പ്രതിഷേധത്തിന് കാരണമായി. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാനും കുറ്റവാളിയെ കണ്ടെത്തി കർശന നടപടിയെടുക്കാനും സോഷ്യൽമീഡിയയിൽ ആവശ്യമുയർന്നു. ബിഹാറിൽ മുമ്പും സമാനമായ നിരവധി സംഭവങ്ങൾ നടന്നെന്ന് ആരോപണമുയർന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് എത്തുന്ന യുവാവ് ബലമായി ചുംബിച്ച് കടന്നുകളയുകയാണ് ചെയ്യുന്നത്. നിരവധി പരാതികൾ ഉയർന്നിട്ടും പ്രതിയെ പിടികൂട്ടാനായിട്ടില്ല.
ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ
ദില്ലി: ഗുരുഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. ഈയടുത്ത് ഷാഹിദ് കപൂർ നായകനായി അഭിനയിച്ച ഫർസി എന്ന വെബ്സീരിസിൽ സമാനമായ രംഗമുണ്ടായിരുന്നു. ഒരാൾ കാർ ഓടിക്കുകയും മറ്റൊരാൾ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് നോട്ടുകൾ റോഡിലേക്ക് വാരി എറിയുന്നതും കാണാം. ഈ രംഗം പുനരാവിഷ്കരിക്കുകയാണ് യുവാക്കൾ ചെയ്തതെന്ന് പൊലീസ് കരുതുന്നു.
വീഡിയോയുടെ പശ്ചാത്തലമായി പാട്ടും കേൾക്കാം. കറൻസി നോട്ടുകൾ എറിയുന്ന ആളുടെ മുഖം പകുതി തുണികൊണ്ട് മറച്ചിരുന്നു. യുവാക്കൾ എറിഞ്ഞത് വ്യാജനോട്ടുകളോ യഥാർത്ഥമോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ റീലുകളായി ഇരുവരും വീഡിയോ അപ്ലോഡ് ചെയ്തു. വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെ രണ്ട് പേർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു.
ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രധാന പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കസ്റ്റഡിയിലെടുത്തെന്നും ഡിഎൽഎഫ് ഗുരുഗ്രാം എസിപി വികാസ് കൗശിക്കിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.