Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു നഗരം ഒറ്റയടിക്ക് കാണാം; അതും 200 രൂപയില്‍ താഴെ; വീണ്ടും വരുന്നു ഡബിള്‍ ഡെക്കര്‍ ബസുകള്‍

ബെംഗളൂരു നഗരം ഒറ്റയടിക്ക് കാണാം; അതും 200 രൂപയില്‍ താഴെ; വീണ്ടും വരുന്നു ഡബിള്‍ ഡെക്കര്‍ ബസുകള്‍

by admin

അതിമനോഹരമായ ലണ്ടന്‍ നഗരത്തിലെ നിരത്തിലൂടെ ഒഴുകുന്ന ചുവന്ന ഡബിള്‍ ഡെക്കര്‍ ബസ്. സിനിമകളില്‍ പ്രശസ്തമാണ് ഈ കാഴ്ച്ച.ബെംഗളൂരുവിലും ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഓടിത്തുടങ്ങുകയാണ്. നീണ്ട മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെംഗളൂരുവില്‍ ഇത്തരം ബസുകള്‍ ഓടാന്‍ ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കില്‍ മടുത്തിരിക്കുന്നവര്‍ക്ക് നഗരത്തിന്റെ പൈതൃക ഭംഗിയുടെ പനോരമിക് കാഴ്ച്ച ആസ്വദിക്കാന്‍ ഈ യാത്രയിലൂടെ കഴിയും.ബെംഗളൂരു നഗരം ഒറ്റയടിക്ക് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ആണ് വിനോദസഞ്ചാരികള്‍ക്കായി ഈ പുത്തന്‍ യാത്രാനുഭവം ഒരുക്കിയിരിക്കുന്നത്. മൈസൂരുവില്‍ ദസറ കാലത്ത് ഏറെ പ്രശസ്തമായ ‘അംബാരി’ ബസുകളാണ് ഇപ്പോള്‍ ബെംഗളൂരുവിന്റെ നിരത്തുകളിലും ഓടാന്‍ തുടങ്ങുന്നത്.മൂന്ന് ഡബിള്‍ ഡെക്കര്‍ ബസുകള്‍ കെഎസ്ടിഡിസി വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തും. ഓരോ ബസിലും 40 യാത്രക്കാരെ വഹിക്കാന്‍ കഴിയും. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത താഴത്തെ ഡെക്കില്‍ 20 പേരും മുകളിലെ മേല്‍ക്കൂരല്ലാത്ത തുറന്ന ഡെക്കില്‍ 20 പേരും.

ഉയരത്തില്‍ ഇരുന്ന് നഗരത്തിന്റെ മനോഹാരിത നേരിട്ട് കാണാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓരോ ബസിലും 40 പേര്‍ക്ക് വീതം ഒരേസമയം യാത്ര ചെയ്യാം.രവീന്ദ്ര കലാക്ഷേത്രയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ യാത്ര കോര്‍പ്പറേഷന്‍ സര്‍ക്കിള്‍, കസ്തൂര്‍ബ റോഡ്, വിശ്വേശ്വരയ്യ മ്യൂസിയം, ചിന്നസ്വാമി സ്റ്റേഡിയം, ഹൈക്കോടതി, വിധാന്‍ സൗധ തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവില്‍ ഇതൊരു പൈലറ്റ് സര്‍വീസ് ആണെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5:30 വരെയാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക.വെറും 180 രൂപയുടെ ടിക്കറ്റെടുത്താല്‍ ഒരു ദിവസം മുഴുവന്‍ ഈ ബസുകളില്‍ നഗരം ചുറ്റിക്കാണാം എന്നതാണ് മറ്റൊരു ആകര്‍ഷണം. ഹോപ്പ് ഓണ്‍ – ഹോപ്പ് ഓഫ് രീതിയിലായതുകൊണ്ട് ഇഷ്ടമുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങി കാഴ്ചകള്‍ കണ്ട ശേഷം അടുത്ത ബസില്‍ യാത്ര തുടരാനും സാധിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ബുക്ക് ചെയ്യാവുന്നതാണ്. ബെംഗളൂരുവിന്റെ പഴയകാല പ്രതാപവും പുതിയ കാലത്തെ സ്പന്ദനങ്ങളും ഒരുപോലെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഡബിള്‍ ഡെക്കര്‍ ബസ് യാത്ര തീര്‍ച്ചയായും വേറിട്ടൊരു അനുഭവമായിരിക്കും.ഇന്ന് രവീന്ദ്ര കലാ ക്ഷേത്രയില്‍ മന്ത്രി എച്ച്‌.കെ. പാട്ടീല്‍ മൂന്ന് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റൂട്ടിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ബസ് എത്തുമ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് ഓഡിയോ-ഗൈഡഡ് കമന്ററി ലഭിക്കും. സംസ്ഥാനത്തെ കലാരൂപങ്ങള്‍, വന്യജീവികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ കൊണ്ടാണ് അംബാരി ഡബിള്‍ ഡെക്കര്‍ ബസ് അലങ്കരിച്ചിരക്കുന്നത്. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡബിള്‍ ഡെക്കര്‍ ബസ് വീണ്ടും അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group