ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടന പശ്ചാത്തലത്തിൽ നഗരത്തിലെങ്ങും അതീവ ജാഗ്രത. ബെംഗളൂരു വിമാനത്താവളം, വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്ന ചിന്നസ്വാമി സ്റ്റേഡിയം, കണ്ഠീരവ ഫുട്ബോൾ സ്റ്റേഡിയം, റെയിൽവേ സ്‌റ്റേഷനുകൾ, ബിഎംടിസി, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ബോംബ് സ്ക്വാഡുകളും ഡോഗ് സ്‌ക്വാഡുകളും വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. വ്യാപകമായി സ്‌ഥാപിച്ചിട്ടുള്ള 7500 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്.
സുരക്ഷ വർധിപ്പിക്കാൻ പദ്ധതിയുമായി ഹോട്ടൽ ഉടമകൾ :ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ഹോട്ടലുകളിലെ സുരക്ഷ വർധിപ്പിക്കാൻ പദ്ധതിക്കു രൂപം നൽകുമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ അറിയിച്ചു. സ്ഫോടനക്കേസിലെ അന്വേഷണം പൂർത്തിയായതിനു ശേഷം കണ്ടെത്തുന്ന സുരക്ഷാ വീഴ്‌ചകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി നഗരത്തിലെ മുഴുവൻ ഹോട്ടൽ ഉടമകളുടെയും യോഗം വിളിക്കും. ഹോട്ടലുകളിലും പരിസരത്തുമായി സംശയാസ്‌പദമായി പെരുമാറുന്നവരെ നിരീക്ഷിക്കാൻ സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നും അസോസിയേഷൻ പ്രസിഡൻ്റ് പി.സി. റാവു പറഞ്ഞു.
പരുക്കേറ്റവരെ സന്ദർശിച്ച് ഗവർണർ ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര എന്നിവർ സ്ഫോടനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു. സംഭവത്തെ അപലപിച്ച നേതാക്കൾ പരുക്കേറ്റവർക്കു തുടർചികിത്സയ്ക്കുള്ള പിന്തുണയും വാഗ്ദാനം ചെയ്തു.