വളര്‍ത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തിയ കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് പിടിയില്‍. കര്‍ണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂര്‍ ഗ്രാമത്തിലാണ് രമേശ് എന്ന സെക്യൂരിറ്റി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തത്. ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലുള്ള പുലിയെ കൊന്നതിനാണ് ഇയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
ഒരു കൃഷിയിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡാണ് രമേശ്. ഇയാളുടെ വളര്‍ത്തുനായയെ കടിച്ചുകൊന്നതിന്റെ പ്രതികാരത്തിലായിരുന്നു പുലിയെ കൊന്നത്. പുലി വീണ്ടും വരുമെന്ന് കണക്കുകൂട്ടി രമേശ് നായയുടെ മൃതദേഹത്തില്‍ കീടനാശിനി തളിച്ചു. കരുതിയതുപോലെ പുലി എത്തി മൃതദേഹം ഭക്ഷിച്ചതോടെ കൊല്ലപ്പെട്ടു. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പുലി കൊല്ലപ്പെട്ടത് വിഷം ഉള്ളില്‍ ചെന്നാണ് തെളിഞ്ഞത്. ഇതിനു പിന്നാലെ സംശയത്തിൻ്റെ പേരില്‍ രമേശിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ രമേശ് കുറ്റം സമ്മതിക്കുകയുമായിരുന്നു.